ന്യൂഡൽഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പൗരത്വ ഭേദഗതി പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്ത പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി കോടതി. പ്രതിഷേധിക്കാൻ ഒരു പൗരന് ഭരണഘടന അവകാശം നൽകുന്നുണ്ടെന്ന് കോടതി പറഞ്ഞു. ചന്ദ്രശേഖർ ആസാദിന്റെ ജാമ്യഹർജി പരിഗണിക്കവെയാണ് കോടതി ഡൽഹി പൊലീസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. “ചന്ദ്രശേഖർ ആസാദിന് പ്രതിഷേധിക്കാൻ ഭരണഘടനാപരമായി അവകാശമുണ്ട്. നിങ്ങളോട് ആരാണ് പറഞ്ഞത് പ്രതിഷേധിക്കാൻ പാടില്ലെന്ന്? നിങ്ങൾ ഇന്ത്യൻ ഭരണഘടന വായിച്ചിട്ടില്ലേ?”-ഡൽഹി തിസ് ഹസാരി കോടതി ജഡ്ജ് കാമിനി ലോ ചോദിച്ചു. ഡൽഹിയിലെ ജമ മസ്ജിദിന് മുമ്പിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് കഴിഞ്ഞ വർഷം ഡിസംബർ 21നാണ് ചന്ദ്രശേഖർ ആസാദിനെ തടവിലാക്കിയത്. പൊലീസ് അനുമതിയില്ലാതെയാണ് പ്രതിഷേധിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. “ജമാ മസ്ജിദ് പാകിസ്താനാണെന്ന മട്ടിലാണ് നിങ്ങൾ പെരുമാറുന്നത്. ഇനിയത് പാകിസ്താനാണെങ്കിലും നിങ്ങൾക്ക് അവിടെ പോയി പ്രതിഷേധിക്കാം. പാകിസാൻ ഇന്ത്യയുടെ ഭാഗമായിരുന്നു. പൗരന്മാർക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്.”- ജഡ്ജ് പറഞ്ഞു. പ്രതിഷേധ പരിപാടിക്ക് മുൻകൂർ അനുമതി വേണമെന്ന കാര്യം പ്രോസിക്യൂട്ടർ ഉന്നയിച്ചപ്പോൾ 144ാം വകുപ്പ് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന സുപ്രിം കോടതി നിരീക്ഷിച്ചിട്ടുണ്ടെന്ന് ജഡ്ജ് വ്യക്തമാക്കി. ഇതിന് പിന്നാലെ ജമ മസ്ജിദിലേക്ക് പോകുന്നുവെന്ന് ആസാദ് സാമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റിട്ടിരുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, എവിടെയാണ് സംഘർഷമെന്നും ഈ പോസ്റ്റുകളിൽ എന്ത് തെറ്റാണ് ഉള്ളതെന്നും കോടതി ചോദിച്ചു. അതേസമയം, ജമാ മസ്ജിദിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധത്തിൽ ജനങ്ങളെ അക്രമാസക്തരാക്കുന്നതിന് ശ്രമിച്ചുവെന്ന ആരോപണത്തിന് തെളിവില്ലെന്ന് ആസാദ് ജാമ്യഹർജിയിൽ പറഞ്ഞു. ആരോഗ്യ നില മോശമായതിനെത്തുടർന്ന് ജനുവരി ഒൻപതിന് ചന്ദ്രശേഖർ ആസാദിനെ എയിംസ് ആശുപത്രിയിലേക്ക് മാറ്റാൻ തിഹാർ ജയിൽ അധികൃതർക്ക് കോടതി ഉത്തരവ് നൽകിയിരുന്നു.