കോഴിക്കോട്: ബി.ജെ.പിയുടെ രാഷ്ട്ര രക്ഷാ റാലിക്കെതിരെ ബഹിഷ്കരണവുമായി നാട്ടുകാര്‍. ദേശീയ പൗരത്വ നിയമത്തെ അനുകൂലിച്ച് ബി.ജെ.പി കുറ്റ്യാടിയില്‍ സംഘടിപ്പിച്ച പാരിപാടിയാണ് വ്യാപാരികളും നാട്ടുകാരും കടകളടച്ച് ബഹിഷ്കരിച്ചത്. തിങ്കളാഴ്ച അഞ്ചു മണിക്കായിരുന്നു ബി.ജെ.പിയുടെ രാഷ്ട്ര രക്ഷാ സംഗമം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കാനൊരുങ്ങിയത്. എന്നാല്‍ നാട്ടുകാര്‍ കടകള്‍ അടയ്ക്കുകയും സ്ഥലത്തു നിന്ന് മാറുകയും ചെയ്തു.
സംവിധായകനും തിരക്കഥാകൃത്തുമായ അലി അക്ബറും ബി.ജെ.പി നേതാവ് എം.ടി രമേശുമാണ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്. നീലേച്ചുകുന്നില്‍ നിന്ന് കുറ്റ്യാടിയിലേക്ക് വൈകുന്നേരം മൂന്നുമണിക്കായിരുന്നു രാഷ്ട്ര രക്ഷാ റാലി എന്ന പേരില്‍ റാലി സംഘടിപ്പിച്ചത്.
അഞ്ചു മണിക്ക് കുറ്റ്യാടിയില്‍ വെച്ച് രാഷ്ട്ര രക്ഷാ സംഗമവും സംഘടിപ്പിച്ചു. എന്നാല്‍ പരിപാടി നാട്ടുകാര്‍ ബഹിഷ്കരിക്കുമെന്ന് മനസിലാക്കിയ നേതൃത്വം വലിയ രീതിയിലുള്ള ജനപങ്കാളത്തമാണ് ഉറപ്പാക്കിയത്.
കഴിഞ്ഞ ദിവസം അമ്പലപ്പുഴക്ക് വളഞ്ഞവഴിയില്‍ ബി.ജെ.പി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സദസി’നെ ജനങ്ങള്‍ ബഹിഷ്തരിച്ചിരുന്നു. പാര്‍ട്ടിയുടെ പരിപാടി ആരംഭിക്കുന്നതിന് മുന്‍പേതന്നെ സമീപത്തെ വ്യാപാരികള്‍ കടകള്‍ക്ക് ഷട്ടറിട്ടുകൊണ്ട് തങ്ങളുടെ പ്രതിഷേധം അറിയിക്കുകയായിരുന്നു. പരിപാടിക്കായി പാര്‍ട്ടി പ്രവര്‍ത്തകര്‍ കസേരകള്‍ നിരത്താന്‍ തുടങ്ങിയപ്പോഴാണ് കടക്കാര് കടക്ക് ഷട്ടറിട്ടത്. തുടര്‍ന്ന് പ്രദേശവാസികളും വീട് വിട്ടിറങ്ങാന്‍ തയ്യാറായില്ല. സ്ഥലത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ബി.ജെ.പി പൊലീസ് സഹായവും തേടിയിരുന്നു. നിയമഭേദഗതിയില്‍ വിശദീകരണം നല്‍കുന്നതിനായി ഇവിടേക്കെത്തിയ ബി.ജെ.പി നേതാവ് എം.ടി രമേശിന് മുന്പില് ശ്രോതാക്കളായി ഉണ്ടായിരുന്നത് സ്വന്തം പാര്ട്ടിക്കാര് മാത്രമായിരുന്നു.