റിട്ട . ബാങ്ക് മാനേജർ 100 പാക്കറ്റ് ലൈംഗിക ഉത്തേജക മരുന്നിന് നൽകിയത് 43 ലക്ഷം രൂപ . പെട്ടി തുറന്നപ്പോൾ കണ്ടത് കടലാസ് മാത്രം. കർണാടക പോലീസ് നിസ്സഹകരിച്ചപ്പോൾ കാസർകോട് പോലീസ് പുറത്തെടുത്ത തന്ത്രത്തിൽ മുട്ടുമടക്കിയത് നൈജീരിയക്കാരനായ മാഫിയ തലവൻ. തട്ടിപ്പിന് പിന്നിൽ അഞ്ചാംഗ സംഘം
കാസർകോട് : റിട്ട . ബാങ്ക് മാനജരിൽ നിന്ന് ലൈംഗിക ഉത്തേജക മരുന്നിനായി 43 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നതിന് അറസ്റ്റിലായത് നൈജീരിയക്കാരനായ മാഫിയ തലവൻ. ബെംഗ്ളൂറിലെ ഭദ്രഹള്ളിയിൽ വെച്ചാണ് അന്തോണി ഒഗെനെരൊബൊ എഫിദെരെ (42) അറസ്റ്റിലായത്. ബെംഗ്ളൂറിലെ കമ്പനഹള്ളി, ഭദ്രഹള്ളി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. ഇൻഡ്യയിലുടനീളം ഇവർ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. യുവതിയാണ് സംഘത്തിന്റെ സൂത്രധാരിയെന്നാണ് വിവരം.
2022 ജൂണ്‍ ഒമ്പത് മുതല്‍ 16 വരെയുള്ള വിവിധ ദിവസങ്ങളിലായി പണം നിക്ഷേപിച്ച കുണ്ടംകുഴി സ്വദേശിയും റിട. ബാങ്ക് മാനജരുമായ വിദ്യാനഗര്‍ ജേണലിസ്റ്റ് കോളനിയിലെ മാധവനാണ് ചതിവ് പറ്റിയത്. ഇദ്ദേഹത്തിന്റെ പരാതിയിൽ നെതര്‍ലന്‍ഡ് സ്വദേശികളായ എലിന് ജോണ്സണ്, നെല്‍വിന്‍ പെരി, പോള്‍വിന്‍, ലന്‍ഡനിലെ ഡോ. ജോര്‍ജ് എഡ്വേര്‍ഡ്, കോയമ്പതൂരിലെ അനില്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. വ്യാജപേരിലാണ് സംഘം വിലസി നടന്നതെന്നും ഓൺലൈൻ വഴിയാണ് ഇവരുടെ പരസ്യവും തട്ടിപ്പും നടന്നുവരുന്നതെന്നുമാണ് അറിയുന്നത്.
ഫേസ്ബുകിലൂടെ പരസ്യം കണ്ട ബാങ്ക് മാനജർ ആദ്യം ഒരു പാകറ്റ് മരുന്നിനാണ് ഓർഡർ നൽകിയതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ‘മരുന്ന് പെട്ടെന്ന് വിറ്റു തീർന്നതോടെ 10 പാകറ്റിന് ഓർഡർ ചെയ്തു. ഒരു പാകറ്റിന് 42,000 രൂപയാണ് വില. പിന്നീട് 100 പാകറ്റ് മരുന്ന് ഓർഡർ ചെയ്ത് 43 ലക്ഷം രൂപ വിവിധ ബാങ്ക് അകൗണ്ടുകളിലായി നിക്ഷേപിക്കുകയാണ് ചെയ്തത്. ബെംഗ്ളൂറിലേക്ക് വിളിച്ച് വരുത്തിയാണ് ഇടപാട് നടത്തിയത്. ഇവിടെവെച്ച് ഒരു പെട്ടി മരുന്നും ഡോളറും നൽകി. ഇവിടെ വെച്ച് പൊട്ടിച്ച് നോക്കരുതെന്നും നാട്ടിൽ എത്തിച്ച് പെട്ടി പൊളിക്കാമെന്നുമാണ് പറഞ്ഞത്. നാട്ടിലെത്തിച്ച് പെട്ടി പൊളിച്ചപ്പോഴാണ് വെറും കടലാസുകൾ മാത്രമാണ് അതിൽ ഉള്ളതെന്ന് വ്യക്തമായത്’, അദ്ദേഹം പറഞ്ഞു.
ഇതോടെ ബാങ്ക് മാനജർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. കേസെടുത്ത കാസർകോട് പൊലീസ് പ്രത്യേക സംഘത്തെ ബെംഗ്ളൂറിലേക്ക് തിരിച്ചെങ്കിലും കർണാടക പോലീസിന്റെ നിലപാട് പ്രതികൾക്ക് സഹായകരമായിരുന്നു. ഇതോടെ കാസർകോട് പോലീസ് തന്ത്രം മാറ്റിയത്തോടെ പ്രതി പോലീസ് വലയിൽ ആകുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികൾക്ക് കൃത്യമായ സഹായം പൊലീസിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് കാസർഗോഡ് പോലീസ് സംശയിക്കുന്നത്.
ജൂൺ ഒമ്പത് മുതൽ ജൂലൈ 18 വരെയുള്ള വിവിധ കാലയളവിലാണ് വിവിധ ഘട്ടങ്ങളിലായി പണം അയച്ചുകൊടുത്തത്. ‘തട്ടിപ്പ് സംഘം തുടക്കത്തിൽ വിശ്വാസ്യത വരുത്തി കൂടുതൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. തമിഴ്നാട് സ്വാദേശിയാണ് ഇടപടിന്റെ കാര്യത്തിൽ പ്രേരണ. ലൈംഗിക ഉത്തേജന മരുന്നിന് വലിയ ലാഭം നൽകിയാണ് ഇടപാടുകാരെ വലവീശുന്നത്. പിന്നീട് കൂടുതൽ പണമയച്ചാൽ തട്ടിപ്പ് നടത്തുകയാണ് ചെയ്തുവരുന്നത്’, പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
കാസർകോട് സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇയാളിൽ നിന്ന് ലാപ്ടോപ്, പുറത്തുപയോഗിക്കുന്ന ഹാർഡ് ഡിസ്ക്, റൂടർ, ചാർജർ, പെൻഡ്രൈവ്, നാല് മൊബൈൽ ഫോൺ, വിവിധ ബാങ്കുകളുടെ ഏഴ് എടിഎം കാർഡ്, വിവിധ വ്യക്തികളുടെ പേരിലുള്ള മൂന്ന് പാസ്പോർടുകൾ, ഡോളറിന്റെ ഫോടോകോപി, ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർടിന്റെ പകർപ് തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.