എ.സി. പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് സംശയം
ചെന്നൈ: ചെന്നൈയില്‍ വീട്ടിലെ എയര്‍ കണ്ടീഷണര്‍ (എ.സി.) പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. കൊളത്തൂര്‍ തിരുവികാ നഗറില്‍ താമസിക്കുന്ന പി. ശ്യാം (28) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം.
ശ്യാം വീടിന്റെ താഴത്തെ നിലയിലും അച്ഛന് പ്രഭാകരന് ഒന്നാംനിലയിലും ഉറങ്ങുകയായിരുന്നു. രാത്രി എട്ടോടെ താഴത്തെ മുറിയില്‍ നിന്നും പൊട്ടിത്തെറി ശബ്ദംകേട്ട് പ്രഭാകരന് എത്തിയപ്പോള്‍ മകന്റെ മുറിയില്‍ തീപടരുന്നത് കണ്ടു. തീ ആളിക്കത്തുന്നതിനാല്‍ പ്രഭാകരന് അകത്തേക്കു പോകാനായില്ല. ഉടന്‍തന്നെ വിവരം പോലീസിനെ അറിയിച്ചു.
പിന്നീട് അഗ്നിരക്ഷാസേനയെത്തി ശ്യാമിന്റെ കത്തിക്കരിഞ്ഞ മൃതദേഹം പുറത്തെടുത്തു. ആറു മാസം മുമ്പാണ് ശ്യാം വിവാഹിതനായത്. ഭാര്യ ധനലക്ഷ്മി അവരുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു.
വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടു മൂലമാകാം എ.സി. പൊട്ടിത്തെറിച്ചതെന്നു സംശയിക്കുന്നതായി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ വി.കെ. നഗര്‍ പോലീസ് കേസെടുത്തു.