കീടനാശിനി തളിച്ച വീട്ടില്‍ കിടന്നുറങ്ങി; ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
ബെംഗളൂരു: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി പെണ്‍കുട്ടി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോമ്പില്‍ രായരോത്ത് വിനോദ്കുമാര്‍-നിഷ ദമ്പതിമാരുടെ എട്ടുവയസ്സുള്ള മകള്‍ അഹാനയാണ് മരിച്ചത്. വീട്ടില്‍ തളിച്ച കീടനാശിനി ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിനോദ്കുമാറും നിഷയും ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
വിനോദ്കുമാറും കുടുംബവും ബെംഗളൂരുവില്‍ വസന്ത്നഗറിലെ മാരിയമ്മന്‍ കോവിലിന് സമീപം വാടകവീട്ടിലാണ് താമസിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ താമസിക്കുന്ന വീട് കീടനാശിനി തളിച്ച് വൃത്തിയാക്കണമെന്നും അതിനായി രണ്ടുദിവസത്തേക്ക് മാറിനില്‍ക്കണമെന്നും വീട്ടുടമ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് വിനോദ്കുമാറും കുടുംബവും വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് പോയി. ഇതിനിടെ വീട്ടുടമ വീട്ടില്‍ കീടനാശിനി തളിക്കുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് വിനോദും കുടുംബവും ബെംഗളൂരുവില്‍ തിരിച്ചെത്തിയത്.
എന്നാല്‍ വീട്ടിലെത്തി കിടന്നുറങ്ങിയതിന് പിന്നാലെ രാവിലെ എട്ടുമണിയോടെ മൂവര്‍ക്കും ചെറിയരീതിയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. യാത്രാക്ഷീണം കാരണമാകുമെന്നാണ് ഇവര്‍ കരുതിയത്. എന്നാല്‍ പത്തുമണിയായതോടെ ശാരീരികാസ്വാസ്ഥ്യമുണ്ടായി മൂവരും അവശനിലയിലായി. ഇതോടെ വിനോദ്കുമാര്‍ തന്നെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ഒരുമണിയോടെ ചികിത്സയിലായിരുന്ന അഹാന മരിച്ചു. വിനോദ്കുമാറും നിഷയും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ബെംഗളൂരുവില്‍ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയിലെ ജീവനക്കാരനാണ് വിനോദ്കുമാര്‍. അഹാനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.