പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ,14 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് കൂടി അംഗീകാരം നല്കി
കാസർകോട് :പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നടപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 14 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്കി. വെസ്റ്റ്് എളേരി, ഈസ്റ്റ് എളേരി, പിലിക്കോട് , വലിയപറമ്പ, ചെങ്കള , ചെമ്മനാട്, മൊഗ്രാല്‍ പുത്തൂര്‍, പടന്ന , കോടോം ബേളൂര്‍, പനത്തടി , ബെള്ളൂര്‍ , കാറഡുക്ക ഗ്രാമപഞ്ചായത്തുകളുടെയും മഞ്ചേശ്വരം , പരപ്പ ബ്ലോക്ക് പഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഗ്രാമീണ ടൂറിസം പദ്ധതി , മാലിന്യ നിര്‍മാര്‍ജനം , പച്ചക്കറി , തെങ്ങ് കൃഷി വികസനം, വനിതാ തൊഴില്‍ സംരംഭങ്ങള്‍ , ജല സംരക്ഷണം തുടങ്ങിയ മേഖലകള്‍ക്കാണ് കൂടുതല്‍ പരിഗണന. ഭിന്നശേഷി മേഖലയിലെ പദ്ധതികള്‍ക്കും വനിതാ ഘടക പദ്ധതികള്‍ക്കും പ്രത്യേകം പദ്ധതികള്‍ നടപ്പാക്കും.
തൊഴിലവസരം വര്‍ധിപ്പിക്കല്‍, മാലിന്യ നിര്‍മാര്‍ജനം, സ്വയം തൊഴില്‍ പ്രോത്സാഹനം , ഉപ ജീവന സുരക്ഷ , വൃക്ക രോഗികള്‍ക്ക് ഡയാലിസിസിന് ധനസഹായം എന്നിവയ്ക്കായി വിവിധ പദ്ധതികള്‍ പരപ്പ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകള്‍ നടപ്പ് വര്‍ഷം നടപ്പിലാക്കും. പട്ടിക വര്‍ഗ മേഖലയില്‍ പ്രത്യേക ആരോഗ്യ പരിപാടിയായി സഞ്ജീവനി പദ്ധതി നൂതന പദ്ധതിയായി പരപ്പ ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ടുവെച്ചു. ഗ്രാമീണ ടൂറിസം-വ്യവസായ പദ്ധതികള്‍ക്ക് സ്ഥലം കണ്ടെത്തല്‍ ആധുനിക അറവുശാലയ്ക്ക് സ്ഥലം കണ്ടെത്തല്‍ തുടങ്ങിയവയാണ് ഈസ്റ്റ് എളേരി പഞ്ചായത്ത് നൂതന പദ്ധതികളായി മുന്നോട്ട് വെച്ചത്. തൊഴില്‍ സംരംഭങ്ങള്‍ , അതിദരിദ്രര്‍ക്കുള്ള സേവനം, വീടുകളില്‍ ബയോ കമ്പോസ്റ്റ്് , നെല്‍കൃഷി വികസനം തുടങ്ങിയവയ്ക്കാണ് പിലിക്കോട് പഞ്ചായത്തിന്റെ പരിഗണന. വാതില്‍പ്പടി സേവനം , വനിതാ ഗ്രൂപ്പ് സംഘങ്ങള്‍ക്കുള്ള സ്വയം തൊഴില്‍ പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ്പ് വിതരണം തുടങ്ങിയ പദ്ധതികള്‍ വെസ്റ്റ് എളേരി പഞ്ചായത്ത് മുന്നോട്ടുവെച്ചു. പെണ്‍കുട്ടികള്‍ക്ക് തയ്കോണ്‍ഡോ പരിശീലനം , ഞങ്ങളും നെല്‍കൃഷിയിലേക്ക് പദ്ധതി, മത്സ്യബന്ധന മേഖലയില്‍ വള്ളവും വലയും വിതരണം, പച്ചക്കറി, തെങ്ങ് കൃഷി , വനിതാ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ വലിയ പറമ്പ പഞ്ചായത്ത് നടപ്പിലാക്കും. വയോജനങ്ങള്‍ക്ക് പോഷകാഹാര കിറ്റ് വിതരണം , അംഗണവാടികളില്‍ പോഷകാഹാര വിതരണം തുടങ്ങി പദ്ധതികള്‍ക്കാണ് ചെങ്കള പഞ്ചായത്ത് മുന്നോട്ട് ക്കെുന്നത്. അക്കേഷ്യ ഫ്രീ ചെമ്മനാട്, ഓപ്പണ്‍ ജിം, ഡിജിറ്റല്‍ സാക്ഷരത തുടങ്ങിയവ നൂതന പദ്ധതികളായി ചെമ്മനാട് പഞ്ചായത്ത് മുന്നോട്ടുവെച്ചു.വനിതകള്‍ക്ക് ഷീ ടാക്സി , ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഗ്രാമീണ ടൂറീസം തുടങ്ങിയവ പദ്ധതികള്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കും. ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആടുവളര്‍ത്തല്‍ , അക്കേഷ്യ രഹിത പടന്ന , തുടങ്ങിയ പദ്ധതികള്‍ നൂതന പദ്ധതികളായി പടന്ന പഞ്ചായത്ത് അവതരിപ്പിച്ചു. തൊഴില്‍ സംരംഭങ്ങള്‍ക്കും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും മാലിന്യ നിര്‍മാര്‍ജനത്തിനും വാതില്‍പ്പടി സേവനത്തിനുമായി കോടോം ബേളൂര്‍ പഞ്ചായത്ത് പദ്ധതികള്‍ നടപ്പിലാക്കും. തൊഴില്‍ സംരംഭം , തൊഴില്‍ നൈപുണ്യ പരിശീലനം , ഉപജീവന സുരക്ഷ ഉറപ്പാക്കല്‍ , മാലിന്യ നിര്‍മാര്‍ജനം , വൃക്ക രോഗികള്‍ക്ക് ഡയാലിസിസിന് ധനസഹായം , തുടങ്ങിയ പദ്ധതികള്‍ക്കാണ് പനത്തടി ഗ്രാമപഞ്ചായത്ത് പരിഗണന നല്‍കുന്നത്. ഭിന്നശേഷി വിഭാഗത്തിന് സ്കോളര്‍ഷിപ്പ് , വനിതകള്‍ക്ക് തുണി സഞ്ചി , എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണം തുടങ്ങിയ പദ്ധതികളാണ് ബെള്ളൂര്‍ പഞ്ചായത്ത് നടപ്പിലാക്കുക. വനിതാ ഘടക പദ്ധതികള്‍ക്കും ഭിന്നശേഷി മേഖലയിലെ പദ്ധതികള്‍ക്കും പരിഗണന നല്‍കുന്നതിനൊപ്പം അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതിനും വാതില്‍പ്പടി സേവനത്തിനും ഉള്‍പ്പെടെയുള്ളവയ്ക്ക് കാറഡുക്ക പഞ്ചായത്ത് പദ്ധതികള്‍ തയ്യാറാക്കും.
യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു , ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ നിനോജ് , സര്‍ക്കാര്‍ നോമിനി സി. രാമചന്ദ്രന്, ഡി.പി.സി അംഗങ്ങളായ ഷാനവാസ് പാദൂര്‍ , കെ.ശകുന്തള, ജാസ്മിന് കബീര്‍, ഗോള്‍ഡന്‍ അബ്ദുറഹിമാന്, ആര്. റീത്ത, വി.വി രമേശന്, കെ.പി വത്സലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.