ശബരിമല: ശബരിമലയില്‍ വന്‍ ഭക്തജന തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. നാളെ മകരവിളക്ക് ആയതിനാലാണ് ഇത്രയും ഭക്തജന തിരക്ക് അനുഭവപ്പെടുന്നത്. സന്നിധാനവും പരിസരപ്രദേശവും തീര്‍ത്ഥാടകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മകരവിളക്കിനോട് അനുബന്ധിച്ച് ഭക്തരുടെ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ സന്നിധാനത്ത് കൂടുതല്‍ പോലീസ് സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ഇന്ന് പൂര്‍ത്തിയാകും. ഇതിനു പുറമെ മകരവിളക്കിനോട് അനുബന്ധിച്ചുള്ള പമ്പവിളക്കും പമ്പ സദ്യയും ഇന്ന് നടക്കും. മകരസംക്രമപൂജ നടക്കുന്നതിനാല്‍ ഇന്ന് രാത്രി ശബരിമല നട അടയ്ക്കില്ല.
അതേസമയം പമ്പ ഹില്‍ടോപ്പില്‍ മണ്ണിടിച്ചിലിന് സാധ്യത ഉള്ളതിനാല്‍ അവിടേക്ക് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. തീര്‍ത്ഥാടകര്‍ ഹില്‍ടോപ്പിലേക്ക് പ്രവേശിക്കുന്നത് വിലക്കി കലക്ടര്‍ പിബി നൂഹ് ആണ് ഉത്തരവിറക്കിയത്. മകരവിളക്കിന്റെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പടുത്തിയിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ചുള്ള ഗുരുതി 20ന് നടക്കും. 21ന് രാവിലെ ഏഴ് മണിക്ക് ശബരിമല നട അടയ്ക്കും.