ഇരിട്ടി: ആർഎസ്എസ് നിയന്ത്രണത്തിലുള്ള ഇരിട്ടിയിലെ പാരലൽ കോളേജിന്റെ പരിപാടിയിൽ സ്ഥാപനത്തിന്റെ പതാകക്ക് സല്യൂട്ട് ചെയ്തപോലീസ് ഉദ്യോഗസ്ഥന്റെ നടപടി വിവാദമാകുന്നു. ഇരിട്ടി എഎസ്പി ആർ ആനന്ദാണ് സംഘപരിവാർ രാഷ്ട്രീയ നിലപാട് പുലർത്തുന്ന സ്ഥാപനത്തിന്റെ ചടങ്ങിൽ ഔദ്യോഗിക വേഷത്തിൽ പങ്കെടുത്ത് കോളേജ് പതാകക്ക് സല്യൂട്ട് ചെയ്തത്. എഎസ്പിയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.കൊല്ലപ്പെട്ട ആർഎസ്എസ്സുകാരുടെ ഫോട്ടോയ്ക്ക് വിളക്ക് കൊളുത്തുകയും സമാന്തര കോളേജിന്റെ കൊടിക്ക് സല്യൂട്ട് നൽകുകയും ചെയ്ത ഇരിട്ടി എഎസ്പിയുടെ നടപടി സംബന്ധിച്ച് ഡിജിപി അന്വേഷിക്കും. മട്ടന്നൂർ സ്വദേശി വിനീത് തെളുപ്പാണ് എഎസ്പിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുകയായിരുന്നു.