പശുക്കൾക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം; കൊമ്പ് മുറിച്ചെടുത്തു, പൊലീസ് അന്വേഷണം ആരംഭിച്ചു
മലപ്പുറം: പശുക്കൾക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. പുറത്തൂർ അത്താണിപ്പടിയിൽ മണ്ണത്ത് മണികണ്ഠന്റെ മൂന്ന് പശുക്കൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഒരു പശുവിന്റെ കൊമ്പ് മുറിച്ചെടുത്തു.രാത്രി മൂന്ന് മണിക്ക് ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് പശുക്കളെ അവശനിലയിൽ കണ്ടെത്തിയത്. വീട്ടുകാർ ഉടൻ തന്നെ മൃഗ ഡോക്ടറെ വിളിച്ചുവരുത്തി. കഴിഞ്ഞ രണ്ട് വർഷമായി മണികണ്ഠൻ പശുക്കളെ വളർത്തുന്നുണ്ട്.വീട്ടിലുണ്ടായിരുന്ന ബൈക്കിലും സാമൂഹ്യ വിരുദ്ധർ കേടുപാടുകൾ വരുത്തി. മണികണ്ഠൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.