തിരുവനന്തപുരം: കടൽ മത്സ്യങ്ങളായ മത്തിയിലും അയലയിലും നെത്തോലിയിലും പ്ളാസ്റ്റിക്കിന്റെ അംശം കണ്ടെത്തി. കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആർ.ഐ) കേരള തീരത്തു നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.പ്ലാസ്റ്റിക് നിരോധിച്ചതിനെ തുടർന്ന് നാടെങ്ങും ബോധവത്കരണവും കർശന നടപടികളും നടക്കുന്നതിനിടെയാണ് ഈ പഠന റിപ്പോർട്ട് പുറത്തു വന്നത്. കടലിലെ ഉപരിതല മത്സ്യങ്ങളാണ് അയല, മത്തി നെത്തോലി തുടങ്ങിയവ. കടലിൽ ഒഴുകി നടക്കുന്ന പ്ലവകങ്ങളിൽ പ്ലാസ്റ്റിക്കിന്റെ അംശം ധാരാളമുണ്ട്. ഉപരിതല മത്സ്യങ്ങളുടെ പ്രധാന ആഹാരമായ പ്ലവകങ്ങൾ കഴിക്കുന്നതു വഴിയാണു പ്ലാസ്റ്റിക്കിന്റെ അംശം മത്സ്യങ്ങളുടെ ഉള്ളിലെത്തുന്നതെന്നാണ് പഠന റിപ്പോർട്ട്. സംസ്ഥാനത്ത് ഏതു സീസണിലും ലഭ്യമാകുന്നതും ഈ ഇനം മത്സ്യങ്ങളാണ്.മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വലകൾ, മാലിന്യങ്ങൾക്കൊപ്പം കടലിലേക്ക് ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് സാധനങ്ങൾ, പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയവയുടെ അതിസൂക്ഷ്മ അംശങ്ങളാണു മീനിന്റെ വയറ്റിലെത്തുന്നത്. രണ്ട്, മൂന്ന് വർഷമായി ലഭിക്കുന്ന മത്സ്യങ്ങളിൽ നടത്തിയ പഠനത്തിലായിരുന്നു കണ്ടെത്തൽ. മത്സ്യം വേവിച്ചു കഴിക്കുന്നതിനാൽ, കാര്യമായ ദോഷം ഇപ്പോൾ പറയാനാവില്ലെങ്കിലും കൂടുതൽ പഠനം നടത്താനാണ് സി.എം.എഫ്.ആർ.ഐ തീരുമാനം. രാസപദാർഥങ്ങൾ മീനിന്റെ കോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടുന്നുണ്ടെങ്കിൽ ഇവയുടെ ജനിതക ഘടനയെത്തന്നെ ബാധിച്ചേക്കാം, ഇതേക്കുറിച്ചാണ് ഇനി പഠനം..