കാസര്‍കോട്: അഞ്ചാം ക്ലാസിലെ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്കൂള്‍ പ്യൂണ്‍ അറസ്റ്റില്‍. കാസര്‍കോട്ടെ സര്‍ക്കാര്‍ സ്കൂളിലെ പ്യൂണായ 55കാരന് ചന്ദ്രശേഖരയാണ് അറസ്റ്റിലായത്.അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന അഞ്ച് കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പോക്സോ വകുപ്പ് ചുമത്തിയതായി പോലിസ് അറിയിച്ചു. കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി ടീച്ചര്‍ അന്വേഷിപ്പപ്പോഴാണ് പീഡന വിവരം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. ടീച്ചര്‍ ഉടന്‍ തന്നെ വിവരം സ്കൂള്‍ അധികൃതരെയും രക്ഷിതാക്കളെയും ചൈല്‍ഡ് ലൈനിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ കൗണ്‍സിലര്‍മാര്‍ കുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തു. ഓഫിസ് റൂമുകള്‍ വൃത്തിയാക്കാന്‍ രാവിലെ എട്ടരയ്ക്ക് സ്കൂളില്‍ എത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ വിദ്യാര്‍ഥിനികളെ പീഡനത്തിനിരയാക്കിയത്.