കൊൽക്കത്ത: പൗരത്വ നിയമഭേദഗതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ രാഷ്ട്രീയ പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ രാമകൃഷ്ണാ മിഷന്റെ ആസ്ഥാനമായ ബേലൂർ മഠത്തിൽ മോദി സന്ദർശനം നടത്തിയത് പശ്ചിമബംഗാളിൽ പുതിയ രാഷ്ട്രീയ വിവാദമാകുന്നു. 19-ാം നൂറ്റാണ്ടിൽ സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച ബേലൂർ മഠത്തിന്റെ വേദിയെ രാഷ്ട്രീയമായി ഉപയോഗിക്കരുതായിരുന്നു എന്ന് കാട്ടി, രാമകൃഷ്ണാ മിഷനിലെ ഒരു വിഭാഗം സന്യാസിമാർ മഠത്തിന്റെ മേധാവിമാർക്ക് കത്ത് നൽകി.
എന്തിനാണ് ഒരു രാഷ്ട്രീയസന്ദർശനത്തിന് എത്തിയ മോദിക്ക് മഠം സന്ദർശിച്ച് തെറ്റായ രാഷ്ട്രീയസന്ദേശം നൽകാൻ വേദി നൽകിയതെന്നും കത്തിൽ ചോദിക്കുന്നു. പശ്ചിമബംഗാളിൽ രാഷ്ട്രീയനേതാക്കളും സാംസ്കാരികനേതാക്കളും മോദിയുടെ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
രണ്ട് ദിവസത്തെ പശ്ചിമബംഗാൾ സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ചയാണ് ബേലൂർ മഠത്തിലെത്തിയത്. ശ്രീരാമകൃഷ്ണ പരമഹംസർക്ക് ആദരമർപ്പിച്ച ശേഷം, വിവേകാനന്ദസ്വാമി ഉപയോഗിച്ചിരുന്ന മുറിയിലും മോദി സന്ദർശനം നടത്തി. ഞായറാഴ്ച ഈ ചിത്രങ്ങൾ മോദിയുടെ ഔദ്യോഗിക ഹാൻഡിലിൽ നിന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെ നടത്തിയ പല മറ്റ് പരിപാടികളിലും മോദി പൗരത്വ നിയമഭേദഗതിയെക്കുറിച്ച് നിരവധി പരാമർശങ്ങളാണ് നടത്തിയത്. പൗരത്വ നിയമഭേദഗതിയെച്ചൊല്ലി പശ്ചിമബംഗാളിൽ പ്രതിഷേധം കടുക്കുകയാണ്. മോദിക്കെതിരെ തന്നെ വലിയ പ്രതിഷേധങ്ങളാണ് നടന്നത്. ‘പൗരത്വം എടുത്ത് കളയാനല്ല, പൗരത്വം നൽകാനാണ് നിയമഭേദഗതി കൊണ്ടുവന്നത്’ എന്ന് പറഞ്ഞ മോദി ഇതിനെതിരെ രാജ്യത്തെ യുവാക്കളെ പ്രതിപക്ഷം വഴി തിരിച്ചുവിടുകയാണെന്നും ആരോപിച്ചിരുന്നു