ചെറുസംരംഭകര്ക്കു കൈത്താങ്ങായി എസ്വിഇപി : സംരംഭകത്വ വികസന പരിപോഷണ പദ്ധതി
പൊതുസഭ നടത്തി
കാസർകോട് :ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ നിര്‍മാര്‍ജ്ജനം ലക്ഷ്യമിട്ടു കൊണ്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ രൂപം കൊടുത്ത എസ് വി ഇ പി പദ്ധതിയുടെ (സംരംഭകത്വ വികസന പരിപോഷണ പദ്ധതി) പൊതുസഭ സംഘടിപ്പിച്ചു.കാലിക്കടവ് കരക്കകാവ് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസഭ എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാനും വിജയകരമായി നടത്താനും ഗ്രാമീണ ജനതയെ സഹായിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍, സ്ത്രീകള്‍, പട്ടികജാതി, പട്ടിക വര്‍ഗവിഭാഗങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണനയും പദ്ധതി നല്കുന്നു. ജില്ലയില്‍ നീലേശ്വരം ബ്ലോക്കില്‍ 2017 മുതലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ 60 : 40 ഫണ്ടിംഗിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നീലേശ്വരം ബ്ലോക്കിലെ ആറു പഞ്ചായത്തുകളിലെ സാമൂഹിക ,സാമ്പത്തിക, സംരഭകത്വ മേഖലയിലെ പിന്നോക്ക അവസ്ഥയാണ് നീലേശ്വരം ബ്ലോക്കിനെ തിരഞ്ഞെടുക്കുന്നതിലേക്കു നയിച്ചത്. 30 മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ്മാരുടെ നേതൃത്വത്തില്‍ ഡിപിആര്‍ സര്‍വ്വേ ആരംഭിച്ചു. സര്‍വ്വേയില്‍ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ സ്ത്രീകളും പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളും വരുമാനത്തിന്റെ അപര്യാപ്തത വലിയ രീതിയില്‍ അനുഭവിക്കുന്നുവെന്ന് കണ്ടെത്തി. തുടര്‍ന്ന് 1728 സംരംഭങ്ങള്‍ക്ക് ബ്ലോക്കില്‍ സാധ്യതയുണ്ടെന്നു കണ്ടെത്തി. നാലു വര്‍ഷം പിന്നിടുമ്പോള്‍ 1804 സംരംഭങ്ങള്‍ രൂപീകരിച്ച് 104 ശതമാനം സംരംഭങ്ങള്‍ എന്ന നേട്ടം കൈവരിച്ചു.
ഇതിനായി 5.27 കോടി രൂപ പദ്ധതി വിഹിതവും ബാങ്ക് ലിങ്കേജ്, ജില്ലാ, ബ്ലോക്ക്, പഞ്ചായത്തുകള്‍, ഡിസ്ട്രിക് മിഷന് എന്നീ ഡിപ്പാര്‍ട്മെന്റുകളില്‍ നിന്നായി 3 കോടി രൂപയും കൂടി ആകെ 8.27 കോടി രൂപ പദ്ധതി വഴി ബ്ലോക്കില്‍ ചെലവഴിച്ചു. പദ്ധതിയിലൂടെ 3000 ത്തോളം സ്ത്രീ പുരുഷ സംരംഭകര്‍ക്കു ഉപജീവന മാര്‍ഗമാകാന്‍ പദ്ധതിക്ക് സാധിച്ചു. അച്ചാര്‍ കട മുതല്‍ കയാക്കിംഗ് വരെ നിലവില്‍ പദ്ധതി വഴി പ്രവര്‍ത്തിക്കുന്നു. ബ്ലോക്കിലെ കലാകാരന്മാര്ക്കും വീട്ടമ്മമാര്‍ക്കും സ്വയം തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കും സാന്ത്വനമാകാന്‍ പദ്ധതിക്കു സാധിച്ചു. വീട്ടില്‍ നിന്ന് കൊണ്ട് തന്നെ ആഹാര നിര്‍മാണ മേഖലയില്‍ എങ്ങനെ വരുമാനമുണ്ടാക്കാമെന്ന അടുക്കള വിപ്ലവം പദ്ധതിയിലൂടെ നീലേശ്വരം ബ്ലോക്കിലെ വീട്ടമ്മമാര്‍ പഠിച്ചു. നാലു വര്‍ഷ കാലയളവില്‍ പദ്ധതി നടപ്പിലാക്കിയതിലൂടെ ആറു പഞ്ചായത്തുകളിലും ജനങ്ങളുടെ സാമ്പത്തിക ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ പദ്ധതിയിലൂടെ സാധ്യമായി.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ അധ്യക്ഷനായി. ജില്ലാ മിഷന് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഡി.ഹരിദാസ് പദ്ധതി വിശകലനം ചെയ്തു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്ന കുമാരി, പടന്ന പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അസ്ലം, കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ പി വത്സലന്‍, ബി എന്‍ എസ് ഇ പി മെംബേര്‍സ് റീന, മാലതി, ശാന്ത, ബിഎന്‍എസ്ഇപി വൈസ് ചെയര്‍പേഴ്സണ്‍ പി വി നിഷ കുമാരി, എസ് വി ഇ പി ജില്ലാ പ്രോഗ്രാം മാനേജര്‍ എം ഷീബ , മെന്റര്‍ ഏലിയാമ്മ ആന്റണി എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ടിടി സുരേന്ദ്രന് സ്വാഗതവും, ബിഎന്‍എസ് ഇ പി ചെയര്‍പേഴ്സണ്‍ ഇ കെ ബിന്ദു നന്ദിയും പറഞ്ഞു. സിഡിഎസ് അംഗങ്ങള്‍, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തില്‍ ബ്ലോക്കിലെ മികച്ച സിഡിഎസ്സുകളെയും സംരംഭങ്ങളെയും അനുമോദിച്ചു.