കാസര്‍കോട്: ഒന്നരക്കോടി രൂപയുടെ നിരോധിതനോട്ടുകളുമായി കാസര്‍കോട് സ്വദേശികളായ അഞ്ചംഗസംഘം ഗോവയില്‍ പിടിയിലായി. കാസര്‍കോട് സ്വദേശികളായ അബ്ദുല്‍ ഖാദര്‍(44), സലീം ബി(33), റസാഖ്(45), അബൂബക്കര്‍ സിദ്ദിഖ്(24), ബി യൂസഫ്(32) എന്നിവരെയാണ് ഗോവ പൊലീസ് അറസ്റ്റ് ചെയ്തത്. പണം കടത്താന്‍ ഉപയോഗിച്ച കാസര്‍കോട് രജിസ്ട്രേഷനിലുള്ള കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഗോവ കര്‍ണാടക അതിര്‍ത്തിയായ പൊള്ളം ചെക്ക്പോസ്റ്റില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം അഞ്ചുപേരും സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് നിരോധിക്കപ്പെട്ട ആയിരം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. അഞ്ച് ലക്ഷം രൂപ കമ്മീഷന് വേണ്ടിയാണ് നിരോധിച്ച പണം കടത്തിയതെന്ന് പിടിയിലായവര്‍ പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് കാര്‍ കസ്റ്റഡിയിലെടുത്ത പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്നവ്ന് കോടതിയില്‍ ഹാജരാക്കിയ അഞ്ചുപേരെയും റിമാണ്ട് ചെയ്തു. നോട്ടുകെട്ടുകള്‍ എവിടെ നിന്ന് ലഭിച്ചെന്നും ഗോവയിലേക്ക് ഇവര്‍ എന്തിനാണ് വന്നതെന്നതും സംബന്ധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇവരെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിന് ഗോവ സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. സംഭവം സംബന്ധിച്ച് ആദായനികുതി വകുപ്പിനും ഇന്റലിജന്‍സിനും വിവരം കൈമാറി.