കൊല്ലപ്പെട്ട ഫാസിലിന്റെ മൃതദേഹം കനത്ത പൊലീസ് വിന്യാസത്തിനിടയിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി;
മംഗ്ളുറു: സൂറത് കലിൽ വെട്ടേറ്റ് കൊല്ലപ്പെട്ട ഫാസിലിന്റെ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. മംഗൽപേട്ട മുഹ്യുദ്ദീൻ ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്കാരത്തിനും തുടർന്ന് നടന്ന ഖബറടക്ക ചടങ്ങിനും ആയിരങ്ങൾ ഒത്തുകൂടി. വ്യാഴാഴ്ച വൈകുന്നേരമാണ് ഒരു സംഘം അക്രമികൾ ഫാസിലിനെ സൂറത് കലിലെ തുണിക്കടയ്ക്ക് പുറത്ത് ഓടിച്ചിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
ഫാസിലിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെയാണ് ആശുപത്രിയിൽ നിന്ന് മംഗൽപേട്ടയിലെ വസതിയിലേക്ക് കൊണ്ടുവന്നത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും അന്തിമോപചാരം അർപിച്ച ശേഷം മൃതദേഹം മസ്ജിദിലേക്ക് കൊണ്ടുവരികയായിരുന്നു. ക്രമസമാധാനപാലനത്തിനായി രണ്ടായിരത്തിലധികം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് നിലവിൽ നിരോധനാജ്ഞ ഏർപെടുത്തിയിട്ടുണ്ട്.
അതേസമയം സൂറത് കലിൽ നടന്ന ക്രൂരമായ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണം പൂർത്തിയാക്കിയ ശേഷം വ്യക്തമായ വിവരങ്ങൾ നൽകുമെന്നും പൊലീസ് കമീഷണർ എൻ ശശി കുമാർ പറഞ്ഞു. ‘അന്വേഷണത്തിന് രണ്ട് ടീമുകളെ രൂപീകരിച്ചിട്ടുണ്ട്. കൊലയാളികൾ ആരാണെന്നും കൊലപാതകത്തിന് പിന്നിലെ കാരണവും വെളിപ്പെടുത്താൻ കഴിയുന്ന ഒരു ഘട്ടത്തിലേക്ക് അന്വേഷണം ഇതുവരെ എത്തിയിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി 14-ലധികം പേരെ ചോദ്യം ചെയ്തുവരികയാണ്’, അദ്ദേഹം വ്യക്തമാക്കി.
‘സെക്ഷൻ 144 നിലവിലിരിക്കുമ്പോൾ സംശയാസ്പദമായ രീതിയിൽ ചുറ്റിക്കറങ്ങുന്നത് കണ്ടെത്തിയതിനാൽ സൂറത്കൽ സംഭവത്തിന് ശേഷം 12 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ചയാളുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഞങ്ങൾ ഇതിനകം സംസാരിച്ചു. ഫാസിൽ ഒരു അസോസിയേഷനിലോ പാർടിയിലോ അംഗമായിരുന്നില്ല എന്നത് വളരെ വ്യക്തമാണ്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലായിരുന്നു. ദിവസക്കൂലിക്കാരനായി ജോലി ചെയ്തു വരികയായിരുന്നു’, പൊലീസ് കമീഷണർ മാധ്യമങ്ങളോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.