പത്തനംതിട്ടയിൽ വിദ്യാർത്ഥിനികൾ ചേരിതിരിഞ്ഞ് നിരന്തരം അടിയുണ്ടാക്കുന്നു, ആവശ്യം കഞ്ചാവ്
പത്തനംതിട്ട : ആൺ – പെൺ വ്യത്യാസമില്ലാതെ ലഹരിയിൽ അഭയം തേടി യുവതലമുറ. ജില്ലയിലെ പ്രധാന നഗരത്തിലെ കെട്ടിടത്തിൽ അവിചാരിതമായി വിദ്യാർത്ഥികളെ കണ്ട പൊലീസ് എന്തിനിവിടെ വന്നുവെന്ന് അവരോട് അന്വേഷിച്ചപ്പോൾ ഞങ്ങളെ ചോദ്യം ചെയ്യാൻ നിങ്ങളാരായെന്നായിരുന്നു മറുചോദ്യം. കയ്യിൽ കണ്ടെത്തിയ ലഹരിയെക്കുറിച്ച് ചോദിച്ചപ്പോൾ എന്ത് ചെയ്യണമെന്ന് ഞങ്ങൾക്കറിയാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനികളടക്കമുള്ളവർ ബഹളം വച്ച് അവിടെ നിന്നുപോയി. സ്ഥലത്തെ സ്ഥിരം കാഴ്ചയാണിതെന്ന് സമീപത്തെ വ്യാപാരികളും അഭിപ്രായപ്പെടുന്നു. വിദ്യാർത്ഥികൾ തമ്മിൽ ചേരി തിരിഞ്ഞ് നിരന്തരം അടിയുണ്ടാക്കുന്ന സ്ഥലം കൂടിയാണിത്. ഇങ്ങനെ ജില്ലയിലെ പല ഭാഗത്തും ഇത്തരത്തിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.സ്കൂൾ തുറക്കുന്നതിന് മുമ്പ് ആറുമാസം കൊണ്ട് എൺപത് ആയിരുന്ന കഞ്ചാവ് കേസുകൾ, അതിപ്പോൾ നൂറും അതിലധികവുമായി മാറി കഴിഞ്ഞിരിക്കുന്നു. അത്രയും തന്നെ പ്രതികളും ഈ കേസിൽ ഉൾപ്പെടുന്നുണ്ട്. സ്കൂൾ കുട്ടികൾ ഏജന്റായും അല്ലാതെയും പ്രവർത്തിക്കുന്നത് മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയിൽ കൗൺസലിംഗിനായി മാതാപിതാക്കൾ എത്തിക്കുന്ന ഭൂരിഭാഗം കുട്ടികളും ലഹരിക്ക് അടിമകളാണ്. കഞ്ചാവും മദ്യവും സാധാരണ ഭക്ഷണം പോലെ തന്നെയുള്ളുവെന്നാണ് ഒരു ഒൻപതാം ക്ലാസുകാരൻ കൗൺസലിംഗിനിടയിൽ പറഞ്ഞത്. ഒരു കിലോഗ്രാം കഞ്ചാവിൽ കൂടുതൽ കൈവശം വച്ചാൽ മാത്രമേ കേസെടുക്കാൻ കഴിയു. അല്ലാത്തവ പിഴയടച്ച് വിടുകയാണ് ചെയ്യുക. ഇത് ഒരു അവസരമായി ആണ് കഞ്ചാവ് മാഫിയകൾ കാണുന്നത്.