മംഗളൂരു കൊലപാതകങ്ങൾ: പ്രാർത്ഥന വീടുകളിലാക്കാൻ മുസ്ലീംനേതാക്കളോട് ആവശ്യപ്പെട്ട് പൊലീസ്
മംഗളൂരു:കൊലപാതകങ്ങളെ തുടർന്ന് മംഗളൂരുവിൽ പൊലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി മുസ്ളീംനേതാക്കളോട് പ്രാർത്ഥന വീടുകളിലാക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷ മുൻനിറുത്തിയാണ് ഈ നിർദ്ദേശം. ഇതിനൊപ്പം മംഗളൂരു പൊലീസ് കമ്മീഷണറുടെ അധികാര പരിധിയിലുള്ള എല്ലാ മദ്യക്കടകളും ഇന്ന് അടച്ചിടാനും നിർദ്ദേശിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന കിംവദന്തികൾ വിശ്വസിക്കരുതെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. സുരക്ഷ ശക്തമാക്കാനും അക്രമം അമർച്ചചെയ്യാനും പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.ഇന്നലെ ഒരാൾ കൂടി കൊല്ലപ്പെട്ടതോടെയാണ് ദക്ഷിണ കന്നഡയിൽ സംഘർഷം കനത്തത്. മംഗളൂരു സൂറത്കല്‍ മംഗള്‍പേട്ടെ സ്വദേശി ഫാസിലാണ് രാത്രി വെട്ടേറ്റ് മരിച്ചത്. സുള്ള്യയില്‍ നേരത്തെ നടന്ന രണ്ട് കൊലപാതകങ്ങളുടെ തുടര്‍ച്ചയാണോ ഇതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. റെഡിമെയ്ഡ് കടയുടെ മുന്നിൽ നിൽക്കുമ്പോൾ വാഹനത്തിലെത്തിയ അക്രമികൾ ഫാസിലിനെ വെട്ടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനില്ല. കൊലപാതകത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കൊലപാതകം നടത്തിയവരെക്കുറിച്ച് വ്യക്തമായ സൂചനകൾ പൊലീസിന് ലഭിച്ചു എന്നാണ് റിപ്പോർട്ട്. കൊലപാതകങ്ങൾക്ക് പിന്നാലെ വടക്കൻ കേരളത്തിലും കനത്ത ജാഗ്രത ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. കർണാടകയുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലെ ചെക് പോസ്റ്റുകളിലും പരിശോധന കർശനമാക്കി.അതേസമയം, യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ 21 പേരെ ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കേരള അതിർത്തിയിൽ നിന്നുമാണ് ഇവർ പിടിയിലായത്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലാണ് അക്രമികൾ എത്തിയത്. ഈ കേസിൽ അന്വേഷണം നടത്തുന്നതിനായി കേരളത്തിന്റെ സഹായം കർണാടക പൊലീസ് തേടിയിരുന്നു.