ലൈംഗിക ബന്ധത്തിന്റെ എണ്ണം കുറയ്ക്കുക: മങ്കിപോക്സ് വ്യാപനം തടയാൻ പുരുഷന്മാർക്ക് ഉപദേശവുമായി ലോകാരോഗ്യ സംഘടന, കാരണം ഇതാണ്
ന്യൂയോർക്ക്: മങ്കി പോക്സ് സാദ്ധ്യതയുള്ള പുരുഷന്മാർ ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കണമെന്ന ഉപദേശവുമായി ലോകാരാഗ്യ സംഘടന. ചർമ്മത്തിൽ നിന്ന് ചർമ്മത്തിലേക്കുള്ള സമ്പർക്കത്തിലൂടെ രോഗം പകരും എന്നതിനാലാണിത്. ലൈംഗിക പങ്കാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് രോഗം പിടിപെടാനുള്ള സാദ്ധ്യത കുറയ്ക്കുമെന്നാണ് ലോകാരാേഗ്യ സംഘടന വ്യക്തമാക്കുന്നത് .അമേരിക്കയിലും യൂറോപ്പിലും സ്വവർഗാനുരാഗികളായ പുരുഷന്മാരിലാണ് രോഗം കൂടുതലായി ബാധിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.എന്നാൽ, രോഗം ആർക്കും ബാധിക്കാമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. രോഗമുള്ളവരുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നതിനൊപ്പം രോഗികൾ ധരിച്ച വസ്ത്രം, സെക്സ് ടോയിസ് എന്നിവ ഉപയോഗിക്കുന്നതും രോഗപ്പകർച്ചയ്ക്ക് ഇടയാക്കിയേക്കും.രോഗ ലക്ഷണങ്ങൾ ഉള്ളപ്പോൾ (ആദ്യത്തെ രണ്ടോ നാലോ ആഴ്ചകൾക്കുള്ളിൽ ) രോഗം മറ്റുള്ളവരിലേക്ക് എളുപ്പത്തിൽ വ്യാപിക്കും. രോഗം ബാധിച്ച ഒരാളുടെ ലൈംഗികാവയവങ്ങൾ, മലദ്വാരം തുടങ്ങിയ ഭാഗങ്ങളിൽ സ്പർശിക്കുന്നതിലൂടെ എളുപ്പത്തിൽ രോഗം പകരാം എന്നാണ് ഡോക്ടർമാരും ആരോഗ്യ വിദഗ്ദ്ധരും പറയുന്നത്. ആലിംഗനം, മസാജിംഗ്, ചുംബനംഎന്നിവയും വൈറസ് വ്യാപനത്തിന് ഇടയാക്കും.കോണ്ടം ധരിച്ചുള്ള ലൈംഗിക ബന്ധംപോലും മങ്കിപോക്സ് പകരാതിരിക്കുന്നതിന് ഫലപ്രദമാകില്ലത്രേ. എന്നാൽ ശുക്ളം, യോനീ സ്രവങ്ങൾ എന്നിവയിലൂടെ രോഗം പകരുമാേ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.ഇന്ത്യയുൾപ്പടെ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇത് കൊവിഡ് പോലെ മരണകാരണമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. 3 – 6 ശതമാനം വരെയാണ് ചിക്കൻപോക്സുമായി സാമ്യമുള്ള മങ്കിപോക്സിന്റെ മരണനിരക്ക്. മങ്കിപോക്സിനെതിരെ വസൂരിക്കെതിരെയുള്ള കുത്തിവയ്പ് 85 ശതമാനത്തോളം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ലോകമെമ്പാടും കേസുകൾ കുത്തനേ ഉയരുന്നതിനിടെ അപൂർവ വൈറസായ മങ്കിപോക്സ് വ്യാപനത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്.