രാജസ്ഥാനിൽ നിന്ന് പെൺകുട്ടികളെ എത്തിച്ച സംഭവം: പെരുമ്പാവൂരിൽ വൈദികൻ അറസ്റ്റിൽ
കോഴിക്കോട്: രാജസ്ഥാനിൽ നിന്ന് എറണാകുളത്തേക്ക് പെൺകുട്ടികളെ കടത്തികൊണ്ടുവന്ന സംഭവത്തിൽ വൈദികൻ അറസ്റ്റിൽ. പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ ജേക്കബ് വർഗീസ് ആണ് അറസ്റ്റിലായത്. ഓഖ – എറണാകുളം എക്സ്പ്രസ്സിൽ കൊണ്ടുവരികയായിരുന്ന 12 പെൺകുട്ടികളെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ സംരക്ഷണ സേനയും പൊലീസും ചേർന്ന് ഇന്നലെ പിടികൂടുകയായിരുന്നു. ഇടനിലക്കാരായ രണ്ട് രാജസ്ഥാൻ സ്വദേശികൾക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. ഇവർ നൽകിയ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈദികനെ അറസ്റ്റ് ചെയ്തത്.മനുഷ്യക്കടത്തിനാണ് കോഴിക്കോട് റെയിൽവേ പൊലീസ് കേസെടുത്തത്. രാജസ്ഥാൻ സ്വദേശികളായ ലോകേഷ് കുമാർ, ശ്യാം ലാൽ എന്നിവർക്കെതിരെയാണ് റെയിൽവേ പൊലീസ് ഇന്നലെ കേസെടുത്തത്. കുട്ടികൾക്ക് ഒപ്പം ആറ് മുതിർന്നവരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. ഇതിൽ നാല് പേർ രക്ഷിതാക്കളാണെന്ന് ബോദ്ധ്യപ്പെട്ടു.ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെ, കരുണ ചാരിറ്റബിൾ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്ന് അന്വേഷണത്തിൽ കണ്ടെത്തി. 12 കുട്ടികളേയും ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും അനധികൃതമായി കുട്ടികളെ എത്തിച്ചതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി വ്യക്തമാക്കി.