കൊച്ചി: കേവലം നിമിഷങ്ങള്‍ക്കുള്ളില്‍ മരടിലെ രണ്ട് ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുമാറ്റിയിരിക്കുന്നു. നിശ്ചയിച്ചുറപ്പിച്ച പോലെ മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് ഫ്ലാറ്റുകളും നിലംപതിച്ചു. ഹോളി ഫെയ്ത്താണ് ആദ്യം പൊളിച്ചുമാറ്റിയത്. 16 വീതം നിലകളുള്ള ഇരട്ട ടവറാണ് ഹോളിഫെയ്ത്തിന് പിന്നാലെ നിലം പതിച്ചത്. 11.43 ഓടെയാണ് ആല്‍ഫ സെറീന് നിലംപൊത്തിയത്. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് ആല്‍ഫ സെറീന്റെ ടവറുകളും നിലംപതിച്ചത്. നിമിഷങ്ങള്ക്കുള്ലില് കെട്ടിടങ്ങള്‍ തവിടുപൊടിയായി.എന്നാൽ മരടിലെ സ്ഫോടനങ്ങള്ക്കൊക്കെ പിന്നില്‍ നിന്ന് സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി ചുക്കാന്‍ പിടിച്ച ഒരാളുണ്ട്. ഫ്ലാറ്റുകളിലെ സ്ഫോടനം നിയന്ത്രിച്ചതും സുരക്ഷ ഒരുക്കിയതും പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസിവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ്. അതിനു നേതൃത്വം നല്‍കിയത് തൃശൂര്‍ പൂരം വെടിക്കെട്ടിനു ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ ഡെപ്യൂട്ടി ചീഫ് കണ്ട്രോളര് എക്സ്പ്ലോസിവ്സ് ഡോ.ആര്.വേണുഗോപാലാണ്.
ജനങ്ങളെ വിഷമിപ്പിക്കാതെ ഫ്ലാറ്റ് പൊളിച്ചു നീക്കുകയാണു ലക്ഷ്യമെന്നു വേണുഗോപാല്നേരത്തെ പറഞ്ഞിരുന്നു. സുരക്ഷയ്ക്ക് ഉയര്‍ന്ന പരിഗണന നല്കാന് എല്ലാ മുന്‍കരുതലും എടുത്തു. ജനങ്ങളുടെ സുരക്ഷയ്ക്കു തന്നെയാണു പ്രാധാന്യമെന്നു വേണുഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫ്ലാറ്റ് പൊളിക്കുന്നത് സംബന്ധിച്ച് കോടതികളില്‍ തുടര്‍ച്ചയായി കേസ് വരികയും അപകടങ്ങള്‍ ചൂണ്ടിക്കാട്ടി വെടിക്കെട്ടു റദ്ദാക്കണമെന്നു പലരും വാദിക്കുകയും ചെയ്തപ്പോള്‍ രക്ഷകനായി എത്തിയത് വേണുഗോപാലാണ്. 16 വര്‍ഷമായി പൂരം വെടിക്കെട്ടിനു അന്തിമാനുമതി നല്‍കുന്നത് ഇദ്ദേഹമാണ്. പൂരം വെടിക്കെട്ടിന്റെ ശക്തി കുറയ്ക്കുകയും എല്ലാം സുരക്ഷാ മേഖലയിലേക്ക് എത്തിക്കുകയും ചെയ്യാന്‍ വേണുഗോപാല്‍ നൂറുകണക്കിനു യോഗങ്ങളാണ് നടത്തിയത്. പൂരംവെടിക്കെട്ട് സംബന്ധിച്ച് നാടന്‍ വെടിക്കെട്ടുപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് എതിരെയും ശക്തമായ നീക്കം നടന്നിരുന്നു. ഗുണ്ട്, കുഴിമിന്നല്‍, ഡെെന പോലുള്ള നാടന്‍ വെടിക്കോപ്പുകള്‍ ഉണ്ടാക്കുന്നതു വിദഗ്ദ്ധ പാരമ്ബര്യ തൊഴിലാളികളാണെന്നും ഇവരെ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്നും കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതിന്റെ പിറകില്‍ വേണുവിന്റെ തുടര്‍ച്ചയായ ഇടപെടലുകളുണ്ടായിരുന്നു.