രാജസ്ഥാനില്‍ പ്രളയം; വാഹനങ്ങള്‍ ഒഴുകിപ്പോയി, റെയില്‍വേ സ്റ്റേഷനില്‍ വെള്ളപ്പൊക്കം
ജോധ്പുര്‍: കനത്ത മഴയില്‍ രാജസ്ഥാനില്‍ വെള്ളപ്പൊക്കം. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ജനങ്ങള്‍ ദുരിതത്തിലായി. നഗരങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും അടക്കം വെള്ളം കയറിയതിന്റെയും വാഹനങ്ങള്‍ ഒഴുകിപ്പോകുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.
ജോധ്പുര്‍ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് വാഹനങ്ങള്‍ ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ജോധ്പുരില്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ജോധ്പുരില്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളംകയറിയതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
മഴക്കെടുതികളില്‍ രാജസ്ഥാനില്‍ ഇതുവരെ അഞ്ച് പേര് മരിക്കുകയും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തതായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള വ്യക്തമാക്കി. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി.