സുള്ള്യയിലെ ബിജെപി നേതാവ് പ്രവീണിന്റെ കൊലപാതകം സംഘം എത്തിയത് കേരള രജിസ്ട്രേഷൻ ബൈക്കിൽ; കൊലപാതകത്തിന് പിന്നിൽ മലയാളികളോ?
സുള്ള്യ: സുള്ള്യ താലൂകിലെ ബെല്ലാരെയ്ക്കടുത്ത് നെട്ടാരുവില്‍ യുവ ബിജെപി നേതാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി ദക്ഷിണ കന്നഡ ജില്ലാ പൊലീസ് സൂപ്രണ്ട് റുഷികേഷ് സോനാവാനേ വെളിപ്പെടുത്തി. കേരള രജിസ്ട്രേഷനുള്ള ബൈകിലെത്തിയ രണ്ടംഗ സംഘമാണ് കൊല നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ബൈകിലെത്തിയ അജ്ഞാത സംഘമാണ് കോഴിക്കട പൂട്ടിപോകുകയായിരുന്ന പ്രവീണിനെ കടയ്ക്ക് മുമ്പില്‍ വെച്ച് തന്നെ വെട്ടി കൊലപ്പെടുത്തിയത്. പ്രതികളെ പിടികൂടുന്നതിനായി രൂപീകരിച്ച അഞ്ചംഗ പ്രത്യേക സംഘത്തില്‍ മൂന്ന് ടീമുകളെ കേരളത്തിലേക്കും മടിക്കേരിയിലേക്കും ഹാസനിലേക്കും അയച്ചിട്ടുണ്ടെന്നാണ് ജില്ലാ പൊലീസ് മേധാവി അറിയിച്ചിരിക്കുന്നത്.
സംഘര്‍ഷ സാധ്യത ഒഴിവാക്കാനായി മംഗ്ളൂരുവില്‍ നിന്നും ഉടുപ്പിയില്‍ നിന്നുമായി കൂടുതല്‍ പൊലീസിനേയും വിന്യസിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിഎച്പി ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണമാണ്. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ബൈകിന്റെ നമ്പര്‍പ്ലേറ്റിലെ വിവരങ്ങള്‍ മാധ്യമങ്ങില്‍ മാത്രമേ കണ്ടിട്ടുള്ളൂ എന്നും ഇതിന്റെ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.
അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ബെല്ലാരെയില്‍ പുത്തൂര്‍ സ്വദേശിയായ യുവാവ് മുഹമ്മദ് മസ്ഊദിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണ് പ്രവീണിന്റെ കൊലപാതകമെന്നും പ്രദേശവാസികള്‍ പറയുന്നതായും ദക്ഷിണ കന്നഡ ജില്ലാ പൊലീസ് സൂപ്രണ്ട് പറയുന്നു. കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ലെന്നും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. അതിനിടെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.
കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശത്താണ് കൊലപാചതകങ്ങള് നടന്നിരിരിക്കുന്നത് എന്നത് കൊണ്ട് കനത്ത ജാഗ്രത പാലിച്ചു വരികയാണ്. ജില്ലയിലെ കഡബ, സുള്ള്യ, പുത്തൂര്‍ താലൂകുകളില്‍ വിഎച്പി ബന്ദില്‍ അങ്ങിങ്ങ് അക്രമങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. പോപുലര്‍ ഫ്രണ്ടും എസ്ഡിപിഐയുമാണ് കൊലപാതകത്തിന് പിന്നിലെന്ന് വിഎച്പി ആരോപിക്കുന്നു. കൊലപാതകത്തില്‍ അപലപിച്ച് പുത്തൂരിലെ രണ്ട് സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.