കാഞ്ഞങ്ങാട്: നഗരസഭാ കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്തുകയും ചെയര്‍മാനെയും വനിതാ കൗണ്‍സിലറെയും കയ്യേറ്റം ചെയുകയും ചെയ്ത കേസില്‍ മുസ്ലീംലീഗ് കൗണ്‍സിലര്‍മാരെയും ലീഗ് നേതാവിനെയും കോടതി ശിക്ഷിച്ചു. 2019 മാര്‍ച്ച് 8ന് വൈകുന്നേരം 3.20 ഓടെ നഗരസഭായോഗത്തിനിടെ നഗരസഭാ ചെയര്മാന് വി.വി.രമേശന് അജണ്ട അവതരിപ്പിക്കുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.ചെയര്‍മാന്റെ ഭരണപരമായ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും മറ്റൊരു വനിതാ കൗണ്‍സിലറെ ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ്ഗ് പോലീസ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ചെയര്മാന് അജണ്ട അവതരിപ്പിക്കുന്നതിനിടെ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ എം.പി.ജാഫര്‍,ആരോഗ്യകാര്യസ്റ്റാന്റിംഗ് കമ്മിറ്റിയംഗമായ ഖദീജഹമീദ് എന്നിവര്‍ തടയുകയും കൈകൊണ്ട് തള്ളിമാറ്റുകയും ചെയുന്നതിനിടെ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.വി.ഭാഗീരഥി ഇവരെ തടയാന്‍ ശ്രമിക്കുന്നതിനിടെ ഖദീജഹമീദ് ഇവരുടെ ഇടതുചുമലില്‍ കൈകൊണ്ട് മര്‍ദ്ദിക്കുകയും തള്ളിതാഴെയിടുകയുമായിരുന്നു.ഇതിനിടെ ചെയര്മാന് വി.വി.രമേശന് യോഗഹാളിന് പുറത്തിറങ്ങവെ മുസ്ലീംലീഗ് നേതാവ് കെ.മുഹമ്മദ്കുഞ്ഞി ചെയര്‍മാന്റെ തലയ്ക്ക് കൈ ചുരുട്ടി ഇടിക്കുകയും തള്ളിമാറ്റുകയുമായിരുന്നു.ഈ സംഭവത്തില്‍ ഹൊസ്ദുര്‍ഗ്ഗ് പോലീസ് ക്രൈം നമ്പര്‍ 117/19 ചെയ്ത് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.പ്രതികളെ 2000 രൂപ നഷ്ടപരിഹാരം നല്‍കാനും 500രൂപ പിഴയടക്കാനും കോടതിപിരിയും വരെ തടവിനുമാണ് കോടതി ശിക്ഷിച്ചത്.