ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനയും സംഘര്‍ഷങ്ങളും മൂലം ക്ലാസുകള്‍ തടസ്സപ്പെട്ട ജെഎന്‍യുവില്‍ തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍. അതേസമയം വര്‍ധിപ്പിച്ച ഹോസ്റ്റല്‍ ഫീസ് അടക്കമുള്ള തീരുമാനങ്ങള്‍ പിന്‍വലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കി. ഇതോടെ സര്‍വകലാശാലയില്‍ മൂന്ന് മാസമായി നടത്തിവരുന്ന സമരങ്ങള്‍ക്ക് അവസാനമാകുമെന്നാണ് കരുതുന്നത്.
ഫീസ് വര്‍ദ്ദന പിന്‍വലിക്കാമെന്ന് ചര്‍ച്ചയില്‍ ഉറപ്പുകിട്ടിയതായി വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷ് എംഎച്ച്ആര്‍ഡി സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. ഐഷി ഘോഷടക്കം നാല് പേരാണ് എംഎച്ച്ആര്‍ഡി സെക്രട്ടറിയെ കണ്ടത്. വിസിയെ മാറ്റണം എന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.
ജെഎന്‍യുവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് മാനവ വിഭവ ശേഷി മന്ത്രാലയ സെക്രട്ടറി അമിത് ഖേരയോട് വിശദീകരിച്ചതായി വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ പറഞ്ഞു. വിസിയെ മാറ്റണമെന്ന ഉറച്ച നിലപാടില്‍ നില്ക്കുന്ന വിദ്യാര്‍ത്ഥികളെ അനുനയിപ്പിക്കാനാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായത്. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ഹോസ്റ്റല്‍ ഫീസ് വര്‍ധനയടക്കമുള്ള കാര്യങ്ങളില്‍ അനുകൂല നിലപാടെടുക്കാനാണ് ധാരണയായത്. സെമസ്റ്റര്‍ രജിസ്ട്രേഷന് തീയതി നീട്ടുന്ന കാര്യം പരിഗണിക്കാന്‍ തീരുമാനമായി. വിദ്യാര്‍ത്ഥികളുമായി കൂടുതല്‍ ചര്‍ച്ച നടത്താന്‍ വിസി ജഗദീഷ് കുമാറിനോട് അമിത് ഖേര നിര്‍ദ്ദേശിച്ചു.
അതേസമയം ജെഎന്‍യുവില്‍ വന്‍ സംഘര്‍ഷം നടന്ന ജനുവരി അഞ്ചിലെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് അധ്യാപകര്‍ ദില്ലി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. കലാപത്തിന് വഴിയൊരുക്കിയ വാട്സപ്പ് ഗ്രുപ്പുകളിലെ തെളിവുകളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെടും. ജെഎന്‍യു അധികൃതരുടെ ഒത്താശയോടെ തെളിവ് നശിപ്പിക്കാന്‍ ഇടയുണ്ടെന്നാരോപിച്ചാണ് അധ്യാപകരുടെ ഈ നീക്കം.