കാസർകോട്:സി.പി.എമ്മിന്റെ ആവശ്യത്തെത്തുടർന്ന് പ്രത്യേക കൗൺസിൽ യോഗം വിളിച്ചുചേർത്ത് മുസ്ലിം ലീഗ് നയിക്കുന്ന നഗരസഭ പാർലമെന്റ് പാസ്സാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കി നാടിന് മാതൃകയായി. ഇന്ന് ഉച്ചക്ക് മൂന്നുമണിക്ക് ചേർന്ന കൗൺസിൽ യോഗമാണ് കേന്ദ്രത്തിന്റെ പുതിയ നിയമം സൃഷ്ടിക്കുന്ന ദുരിതങ്ങൾക്കെതിരെ പോരാട്ടത്തിനിറങ്ങിയ ജനപക്ഷത്തുനിന്ന് നിലപാട് വ്യക്തമാക്കിയത്.
അതേസമയം കേന്ദ്ര നിയമത്തിനെതിരായ പ്രമേയം കീറിയെറിഞ്ഞു ബി.ജെ.പി അംഗങ്ങൾ പ്രതിഷേധിച്ചു മുദ്രാവാക്യം വിളികളുമായി സഭ ബഹിഷ്ക്കരിച്ചു.മുസ്ലിംലീഗിലെ ഹമീദ് ബെദിരയാണ് പ്രമേയം അവതരിപ്പിച്ചത്.മുജീബ് തളങ്കര പിന്താങ്ങി.സി.പി.എം അംഗം കെ.ദിനേശൻ സ്വതന്ത്രന്മാരായ റഷീദ് പൂരണം ,ഹാരിസ് ബന്നു എന്നിവർ പ്രമേയത്തെ അനുകൂലിച്ചു സംസാരിച്ചു.പ്രമേയത്തെ അനുകൂലിക്കുന്നവരായും എതിർക്കുന്നവരായും തമ്മിൽ ഏറെനേരം സഭയിൽ മുദ്രാവാക്യമുയർത്തിയത് ശബ്ദഘോഷത്തിനിടയാക്കി. സഭയിലെ ബി,ജെ.പി നേതാവ് പി.രമേശനടക്കം രണ്ടുപേർ യോഗത്തിൽ നിന്ന് വിട്ടുനിന്നതും ശ്രദ്ധേയമായി. സി.പി.എം അംഗം ദിനേശൻ നൽകിയ നോട്ടീസിനെ തുടർന്നാണ് ഭരണപക്ഷം കേന്ദ്രസർക്കാരിനെതിരെ പ്രമേയം അവതരിപ്പിച്ചത്.