ദുബായിലുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശി അക്ഷയ് ജയപാലിന് 87 ലക്ഷം രൂപ നഷ്ടപരിഹാരം
ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ ആലപ്പുഴ ഇരുമ്പ് പാലം സ്വദേശി അക്ഷയ് ജയപാലിന് 4 ലക്ഷം ദിർഹംസ് (8,701,790.77 ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതിയുടെ വിധി. രണ്ടു വർഷത്തോളം നടത്തിയ നിയമ നടപടികൾക്ക് ഒടുവിലാണ് അക്ഷയ് ജയപാലിന് അനുകൂലമായ കോടതി ഉത്തരവ് എത്തിയിരിക്കുന്നത്.
2020 ഓഗസ്റ്റ് 27 ന് ബർദുബൈ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു അപകടമുണ്ടാവുകയായിരുന്നു. അക്ഷയ് ജയപാലിന്റെ വാഹനവുമായി കൂട്ടിയിടിച്ച എതിർ വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് കണ്ടെത്തിയ ട്രാഫിക്ക് ക്രിമിനൽ കോടതി ഡ്രൈവർക്ക് 2000 ദിർഹംസ് പിഴ വിധിച്ച് വിട്ടയച്ചു. എന്നാൽ വാഹനാപകടത്തിൽ മുഖത്തിനും മറ്റു അവയവങ്ങൾക്കും കാര്യമായ പരിക്കുകളേറ്റ അക്ഷയ് തനിക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി യാബ് ലീഗൽ സർവീസ് സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശേരിയെ സമീപിക്കുകയായിരുന്നു. ശേഷം അദ്ദേഹത്തിന്റെ നിയമോപദേശ പ്രകാരം ഇൻഷുറൻസ് അതോറിട്ടിയിൽ കേസ് സമർപ്പിച്ചു.
ദുബായ് രജിസ്റ്റർ വാഹനം ഇൻഷുർ ചെയ്ത യുഎഇയിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിക്കെതിരെയും വാഹനത്തിന്റെ ഡ്രൈവർക്കെതിരെയുമാണ് നഷ്ടപരിഹാരം ലഭിക്കുന്നതിനായുള്ള കേസ് രജിസ്റ്റർ ചെയ്തത്. മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പടെയുള്ള രേഖകളുമായാണ് അക്ഷയ്യുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചത്. കേസ് കോടതിയിൽ എത്തിയപ്പോൾ പരിക്കുകൾ മാരകമല്ലെന്നും അക്ഷയ്യുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചതെന്നും ഇൻഷുറൻസ് കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഇരുവരുടെ വാദവും അക്ഷയ്യുടെ അഭിഭാഷകൻ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പടെയുള്ള രേഖകളും സൂക്ഷ്മമായി നിരീക്ഷിച്ച കോടതി തെറ്റ് എതിരെ വന്ന വാഹനത്തിന്റെ ഡ്രൈവറുടെ ഭാഗത്താണെന്നും അതുകൊണ്ട് തന്നെ അക്ഷയ് നഷ്ടപരിഹാരത്തിന് അർഹനാണെന്നും കണ്ടെത്തി.
തുടർന്ന് ഇൻഷുറൻസ് അതോറിട്ടി ബാഹ്യവും ആന്തരികവുമായുള്ള നഷ്ടങ്ങൾക്കും പ്രയാസങ്ങൾക്കുമുള്ള നഷ്ടപരിഹാരമായി ഇൻഷുറൻസ് കമ്പനി 200000 ദിർഹംസ് അക്ഷയ്ക്ക് നൽകാൻ ഉത്തരവിട്ടു. എന്നാൽ ഈ വിധിയിൽ അസംതൃപ്തനായ അക്ഷയ്യുടെ അഭിഭാഷകൻ സിവിൽ കോടതിയിൽ കേസ് നൽകിയെങ്കിലും സിവിൽ കോടതി ഇൻഷുറൻസ് അതോറിട്ടിയുടെ വിധി ശെരിവെക്കുകയാണ് ഉണ്ടായത്. തുടർന്ന് അപ്പീൽ കോടതിയിൽ ഹരജി സമർപ്പിക്കുകയും ഇവരുടെ പരാതി അപ്പീൽ കോടതി പരിഗണിക്കുകയും ചെയ്തു.
ശേഷം അക്ഷയ്യുടെ അഭിഭാഷകൻ സമർപ്പിച്ച ഫോറൻസിക് മെഡിക്കൽ റിപ്പോർട്ടുകൾ, ട്രാഫിക് ക്രിമിനൽ കേസ് ജഡ്ജ്മെന്റ്, മറ്റു അനുബന്ധ രേഖകളും വിശദമായി പരിശോധിച്ച അപ്പീൽ കോടതി ഇൻഷുറൻസ് അതോറിട്ടിക്ക് നൽകിയ പരാതിയിൽ ഉണ്ടായ വിധിയിൽ പരാതിക്കാരനുണ്ടായ അപകടവും പരിക്കും വൈകല്യവും മൂലം അദ്ദേഹത്തിനുണ്ടായ ശാരീരിക മാനസിക പ്രയാസങ്ങൾ വേണ്ട രൂപത്തിൽ പരിഗണിച്ചിട്ടില്ലെന്ന് ചൂണ്ടി കാട്ടുകയും ഇൻഷുറൻസ് അതോറിറ്റി കൈകൊണ്ട വിധി തെറ്റാണെന്നും വിശദീകരണം നൽകി. തുടർന്ന് പരാതിക്കാരനായ അക്ഷയ് ജയപാലിന്റെ പരിക്കുകളെയും ജീവിതത്തിൽ ഉണ്ടാകുന്ന പരിമിതികളെയും നിരീക്ഷിച്ച അപ്പീൽ കോടതി ഇദ്ദേഹത്തിന്റെ അപ്പീൽ സ്വീകരിക്കുകയും ഇൻഷുറൻസ് അതോറിട്ടിയുടെ വിധി റദ്ധാക്കി കൊണ്ട് അക്ഷയ് ജയപാലിന് ഇൻഷുറൻസ് കമ്പനി 400000 ദിർഹംസും കോടതി ഫീസും മറ്റു ചിലവുകളും നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടു.