പാലക്കാട്ടുനിന്ന് കാണാതായ 16-കാരിയെ കണ്ടെത്തിയത് ബിഹാറില്‍നിന്ന്
കൂറ്റനാട്(പാലക്കാട്): ഒന്നരമാസംമുമ്പ് തിരുമിറ്റക്കോട് കറുകപുത്തൂരില്നിന്ന് കാണാതായ പതിനാറുകാരിയായ ബിഹാര്‍ സ്വദേശിനിയെ കണ്ടെത്തി. ബിഹാറിലെ ദാമോദര്പൂരില്നിന്നാണ് പോലീസ് സംഘം പെണ്‍കുട്ടിയെ കണ്ടെത്തിയത്. കെട്ടിടനിര്മാണജോലിയുമായി കുടുംബസമേതം കറുകപുത്തൂരില്‍ താമസിച്ചിരുന്ന രക്ഷിതാക്കള്‍ മകളെ കാണാനില്ലെന്ന് കാണിച്ച് ചാലിശ്ശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു.
കറുകപുത്തൂരില്ത്തന്നെ താമസിച്ച് ടൈല്‍സ് പണി ചെയ്തിരുന്ന 21-കാരനായ പപ്പുകുമാറെന്ന ബിഹാര്‍ സ്വദേശിയെയും കാണാനില്ലെന്ന് പോലീസ് അറിഞ്ഞു. അന്വേഷണത്തിനായി പാലക്കാട് എസ്.പി.യുടെ പ്രത്യേകനിര്‍ദേശപ്രകാരം പോലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ യുവാവ് ഈറോഡിലുണ്ടെന്നറിഞ്ഞ് പോലീസ് സംഘം അവിടെയെത്തുമ്പോഴേക്കും അവിടെനിന്ന് ഇരുവരും രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് 16 ദിവസത്തോളം ബിഹാറിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മോത്തിഹാരി ജില്ലയിലെ പശ്ചിമചെമ്പാരിയെന്ന സ്ഥലത്തുനിന്ന് യുവാവിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയത്. യുവാവിനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. ശനിയാഴ്ച കേരളത്തിലെത്തിച്ച യുവാവിനെ പട്ടാമ്പി അതിവേഗകോടതിയില്‍ ഹാജരാക്കി ഒറ്റപ്പാലം സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.
ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. സുരേഷ്, ചാലിശ്ശേരി എസ്.ഐ. അനീഷ് എന്നിവരുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തിയ സംഘത്തില്‍ ഒറ്റപ്പാലം ട്രാഫിക് സ്റ്റേഷനിലെ എ.എസ്.ഐ. റഷീദലി, ചാലിശ്ശേരി പോലീസ് ഓഫീസര്‍ പി. അബ്ദുള്‍ റഷീദ്, രാജീവ്, എസ്.പി.ഒ. സുഭാഷിണി, ഒ.കെ. സ്മിത എന്നിവരാണുണ്ടായിരുന്നത്. പെണ്‍കുട്ടിയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.