ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു (ജെ.എന്‍.യു) വൈസ് ചാന്‍സലറെ മാറ്റണെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവനിലേക്ക് വിദ്യാര്ഥികളുെട മാര്‍ച്ച്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അധികൃതരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്.
ജെ.എന്‍.യു വൈസ് ചാന്‍സലറെ മാറ്റുക എന്നതാണ് വിദ്യാര്‍ഥികളുടെ അടിയന്തരാവശ്യമെന്ന് ജെ.എന്‍.യു.എസ്.യു പ്രസിഡന്റ് ഐഷി ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു. വി.സിയുടെ അനാസ്ഥയാണ് വിദ്യാര്‍ഥിക്കെതിരായ ആക്രമണത്തില്‍ കലാശിച്ചത്. നിലവിലെ വി.സിയില്‍ നിന്ന് നീതി കിട്ടില്ലെന്നും ഐഷി ഘോഷ് വ്യക്തമാക്കി.
ആക്രമിക്കപ്പെട്ട് തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കുമ്ബോള്‍ കാണാനോ കാര്യമന്വേഷിക്കാനോ വി.സി തയാറായില്ല. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വി.സിയെ പുറത്താക്കണം. അക്രമത്തെ കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഐഷി ഘോഷ് പറഞ്ഞു.
മാസങ്ങളായി ഫീസ് വര്‍ധനവിനെതിരെ വിദ്യാര്‍ഥികള്‍ സമരത്തിലാണ്. വര്‍ധിപ്പിച്ച ഫീസ് പിന്‍വലിക്കണമെന്നും ഐഷി ഘോഷ് ആവശ്യപ്പെട്ടു.