നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പരിശോധന ശക്തമാക്കി കാസര്‍കോട് നഗരസഭ
കാസര്‍കോട് :ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പരിശോധന ശക്തമാക്കി കാസര്‍കോട് നഗരസഭ. നഗരസഭയിലെ 17 കടകളില്‍ പരിശോധന നടത്തി. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍, പ്ലാസ്റ്റിക് ഗ്ലാസുകള്‍, പാത്രങ്ങള്‍ എന്നിവ പിടിച്ചെടുത്തു. ഇവ സൂക്ഷിച്ച വ്യാപാരികളില്‍നിന്ന് പിഴ ഈടാക്കി. 11,250 രൂപ പിഴയിനത്തില്‍ ലഭിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ പി രജിത്ത് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി ശ്രീജിത്ത്, ജൂനീയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ വി ശാലിനി, കെ മധു എന്നിവര്‍ പങ്കെടുത്തു. ഏകോപയോഗ പ്ലാസ്റ്റിക്ക് ഉല്‍പ്പനങ്ങളുടെ നിരോധനം കര്ശ്ശനമാക്കുന്നതിന്റെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് നഗരസഭ നടത്തിവരുന്നത്. വ്യാപാര വ്യവസായികള്‍ക്ക് ബദല്‍ സംവിധാനം കണ്ടെത്താനും
നിര്‍ദ്ദേശം നല്‍കിയിരുന്നു.
പരിശോധനകള്‍ കര്‍ശനമായി തന്നെ തുടരുമെന്നും ഏകോപയോഗ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ ലൈസന്‍സ് തന്നെ റദ്ദാക്കും വിധം കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി എസ്.ബിജു അറിയിച്ചു.