പടന്ന ഗ്രാമപഞ്ചായത്തില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കും
പടന്ന:പടന്ന ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഒറ്റത്തവണ ഉപയോഗ്യമുള്ള പ്ലാസ്റ്റിക് നിയമലംഘനം നടത്തി സൂക്ഷിക്കുകയോ വില്പന നടത്തുകയോ ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍, ഓഡിറ്റോറിയങ്ങള്‍, വിവാഹം ഉള്‍പ്പെടെ ഉള്ള പൊതു ചടങ്ങുകള്‍ എന്നിവയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, നോണ്‍ വ്യൂവണ്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍, പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍, 500 മില്ലിക്ക് താഴെ വെള്ളം ശേഖരിക്കുന്ന കുപ്പികള്‍, ഒറ്റത്തവണ ഉപയോഗ്യമുള്ള പേപ്പര്‍ പ്ലേറ്റ്, കപ്പുകള്‍, സ്പൂണുകള്‍, ബ്രാന്‍ഡ് ചെയ്യാത്ത ജ്യൂസ് പാക്കുകള്‍, പ്ലാസ്റ്റിക് ആവരണമായുള്ള മിഠായികള്‍ തുടങ്ങിയ എല്ലാത്തരം ഒറ്റത്തവണ ഉപയോഗ വസ്തുക്കളും സൂക്ഷിക്കുന്നതും വില്പന നടത്തുന്നതും കൈകാര്യം ചെയ്യുന്നതും പരിപൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്. ഇവ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ മറ്റൊരു അറിയിപ്പ് കൂടാതെ വ്യാപക പരിശോധനകള്‍ നടത്തി വന്‍ തുക പിഴയായി ഈടാക്കി മറ്റു നിയമ പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കും . നിരോധനം സംബന്ധിച്ച ബോധവത്കരണത്തിനു പഞ്ചായത്തിലുടനീളം ജൂലൈ 25തിങ്കളാഴ്ച മൈക്ക് പ്രചാരണം നടത്തും. ഇത് സംബന്ധിച്ച് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന വ്യാപാരി സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തില്‍ പ്രസിഡന്റ് പി.വി മുഹമ്മദ് അസ്ലം അധ്യക്ഷനായി. അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ അജയന്, ഹെഡ് ക്ലര്‍ക്ക് വി.പ്രതീപന് ,വ്യാപാരി സംഘടനാ പ്രതിനിധികളായ പി.എന്‍ അര്‍ഷദ്, കെ.വി കുഞ്ഞി കൃഷ്ണന് ,വി.കെ.പി മുഹമ്മദ് ഷാഫി ,എല്‍.കെ മഹ്മൂദ് ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.