ജനങ്ങളുടെ ചിരകാല സ്വപ്നം യാഥാർഥ്യമായി ; നീലേശ്വരം ആയുർവേദ ആശുപത്രിക്ക് സ്ഥലം അനുവദിച്ചു
നീലേശ്വരം :നീലേശ്വരത്തെ പാലായി റോഡിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ആയുർവേദ ആശുപത്രിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കാൻ റവന്യൂ വകുപ്പ് 25 സെന്റ് സ്ഥലം അനുവദിച്ചു. പേരോൽ വില്ലേജിലെ പാലായിയിൽ റിസർവ്വേ നമ്പർ 242/ പാർട്ടിൽ പെട്ട സർക്കാർ ഭൂമി റവന്യൂ വകുപ്പ് ഭാരതീയ ചികിത്സ വകുപ്പിനാണ് കൈമാറിയത്. അനുവദിച്ച് ഒരു വർഷത്തിനകം അനുവദിക്കപ്പെട്ട ആവശ്യത്തിന് ഭൂമി വിനിയോഗിക്കേണ്ടതാണ് എന്ന നിബന്ധനയോടെയാണ് കൈമാറ്റം.
പരിമിതമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രിയിൽ നിലവിൽ ഒരു ഡോക്ടറും ഒരു താൽക്കാലിക ജീവനക്കാരിയും മാത്രമാണ് ഉള്ളത്. ആശുപത്രിക്ക് സ്വന്തം കെട്ടിടം എന്നത് ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു. ഇക്കാര്യത്തിൽ നഗരസഭ ആവശ്യമായ ഇടപെടൽ നടത്തിയിരുന്നു. സ്വന്തം കെട്ടിടം നിലവിൽ വരുന്നതോടെ ചികിത്സാ സൗകര്യം മെച്ചപ്പെടും.