ന്യൂഡല്‍ഹി: തന്റെ മകള്‍ക്ക് നീതി ലഭിച്ചെന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവി. നിര്‍ഭയ കേസ് പ്രതികള്‍ക്ക് സുപ്രീം കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചതു സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. നാല് പ്രതികളെയും വധശിക്ഷയ്ക്ക് വിധേയമാക്കുന്നത് രാജ്യത്തെ സ്ത്രീകളുടെ ശാക്തീകരണത്തിന് ഇടയാക്കുമെന്ന് അവര്‍ പറഞ്ഞു. ഇന്ത്യന്‍ ജുഡീഷല്‍ സംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസം ഈ തീരുമാനത്തോടെ വര്‍ധിച്ചു- ആശാ ദേവി പ്രതികരിച്ചു .അതേ സമയം കോടതി ഉത്തരവില്‍ സന്തോഷവാനാണെന്ന് നിര്‍ഭയയുടെ പിതാവ് ബദ്രിനാഥ് സിംഗ് പ്രതികരിച്ചത് . ഇത്തരം ക്രൂര കൃത്യങ്ങള്‍ നടത്തുന്നവരില്‍ ഭീതിയുണ്ടാക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 22 ന് പുലര്‍ച്ചെ ഏഴിന് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. കേസിലെ നാല് പ്രതികള്‍ക്കും ഡല്‍ഹി പട്യാല ഹൗസ് കോടതി ജഡജ് സതീഷ് കുമാര്‍ അറോറ മരണവാറന്റ് പുറപ്പെടുവിച്ചു. പ്രതികള്‍ക്ക് മരണവാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ആശാ ദേവി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടത് . വധശിക്ഷ കാത്തു കഴിയുന്ന പ്രതികള്‍ പവന് ഗുപ്ത, അക്ഷയ് സിംഗ്, വിനയ് ശര്‍മ, മുകേഷ് സിംഗ് എന്നിവരാണ്. എന്നാല്‍ നിലവില്‍ രാഷ്ട്രപതിക്ക് ദയഹര്ജിയോ കോടതികളില്‍ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികളോ നിലനില്ക്കുന്നില്ല. വധശിക്ഷ പുനപരിശോധിക്കണമെന്ന പ്രതികളില്‍ ഒരാളുടെ ആവശ്യം സുപ്രീംകോടതി നിഷ്ക്കരുണം തള്ളുകയും ചെയ്തു.