ടെഹ്റാന്: കൊല്ലപ്പെട്ട ഇറാന് സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ സംസ്കാര ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും 35 മരണം. ഇറാന് ദേശീയ ടെലിവിഷനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തിക്കിലും തിരക്കിലുംപെട്ട് 48 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖാസിം സുലൈമാനിയുടെ ജന്മനാടായ കെര്‍മാനിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. പതിനായിരങ്ങളാണ് സുലൈമാനിയുടെ വിലാപയാത്രയിലും സംസ്കാരചടങ്ങിലും പങ്കെടുക്കാനായി കെര്‍മാനില്‍ എത്തിയിരിക്കുന്നത്. ഇതിനിടെയായിരുന്നു അപകടം. കഴിഞ്ഞദിവസം ഇറാന് തലസ്ഥാനമായ ടെഹ്റാനില്‍ മാത്രം പത്തുലക്ഷത്തിലേറെ പേര് സുലൈമാനിയുടെ വിലാപയാത്രയില്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് അമേരിക്കയുടെ വ്യോമാക്രമണത്തില്‍ ഖാസിം സുലൈമാനിയും മറ്റു സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്.