യാത്രക്കാർക്ക് ബാക്കി നൽകാൻ 100, 50 രൂപ നോട്ടുകൾ പ്രിന്റ് ചെയ്ത് സൂക്ഷിക്കും; പറ്റിക്കുന്നത് ഏറെയും പ്രായമായവരെയും മദ്യപാനികളെയും; നോട്ട് അച്ചടിക്കുന്നത് സ്വന്തം വീട്ടിലും; ഓട്ടോഡ്രൈവർ പിടിയിലായതിങ്ങനെ
തൃശൂർ: കള്ളനോട്ടുമായി യുവാവ് പിടിയിൽ. കട്ടിലപ്പൂവം കോട്ടപ്പടി വീട്ടിൽ ജോർജിനെ (37) ആണ് തൃശൂർ വെസ്റ്റ് പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്നും 100 രൂപയുടെ 24 നോട്ടുകളും 50 രൂപയുടെ 48 നോട്ടുകളും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയിൽ കയറിയ വയോധികയ്ക്ക് ചില്ലറയായി നൽകിയതിൽ രണ്ട് 200 രൂപയുടെയും 100 രൂപയുടെയും നോട്ടുകൾ കള്ളനോട്ടായിരുന്നു.സാധനങ്ങൾ വാങ്ങിക്കാനായി കടയിൽ കൊടുത്തപ്പോഴായിരുന്നു ഇത് അറിഞ്ഞത്. വ്യാജ നോട്ടാണെന്ന് അറിഞ്ഞതോടെ കത്തിച്ചു കളഞ്ഞു. വിവരമറിഞ്ഞ സ്പെഷൽ ബ്രാഞ്ച് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. വെസ്റ്റ് പൊലീസിന് സംഭവത്തിൽ അന്വേഷിക്കാൻ കമ്മിഷണർ നിർദേശം നൽകി. ഇതനുസരിച്ചുള്ള അന്വേഷണത്തിലാണ് അയ്യന്തോൾ ചുങ്കത്ത് വച്ച് ഓട്ടോ ഡ്രൈവറായ ജോർജിനെ പരിശോധിച്ചത്.കള്ളനോട്ട് പിടികൂടിയതോടെ കേസെടുത്ത് ജോർജിന്റെ കട്ടിലപൂവത്തുള്ള വീട്ടിൽ പരിശോധന നടത്തിയതിൽ നോട്ട് പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച കാനൺ കമ്പനി പ്രിന്ററും നിർമ്മാണാവസ്ഥയിലിരിക്കുന്ന ഒരു വശം അച്ചടിച്ച പേപ്പറുകളും കണ്ടെടുത്തു. പ്രായമായവരെയും മദ്യപൻമാരെയും അന്യ സ്ഥലങ്ങളിൽ നിന്നും വരുന്നവരെയും ഇയാൾ സ്ഥിരമായി കള്ളനോട്ട് ചില്ലറയായി നൽകി പറ്റിച്ചിരുന്നത്. ചെറിയ തുകയല്ലേ എന്നു കരുതി പറ്റിക്കപ്പെട്ടവർ പരാതി കൊടുക്കാത്തത് ഇയാൾക്ക് പ്രോത്സാഹനമായതാണ് പിടിക്കപ്പെടാതിരുന്നത്.വെസ്റ്റ് സി.ഐ ഫർഷാദിന്റെ നേതൃത്വത്തിൽ എസ്.ഐ: കെ.സി ബൈജു, സിവിൽ പൊലീസ് ഓഫീസർമാരായ അബീഷ് ആന്റണി, സിറിൽ എന്നിവർ ചേർന്നാണ് പിടികൂടിയത്. എസ്.ഐ രമേഷ് കുമാർ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ അലക്സാണ്ടർ, സുനീപ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.