ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ കടന്നുപിടിച്ചു; 23-കാരനെ മണിക്കൂറുകള്‍ക്കകം പൊക്കി
വെഞ്ഞാറമൂട്: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഗവണ്മെന്റ് ഉദ്യോഗസ്ഥയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ശരീരത്ത് കടന്നുപിടിച്ച യുവാവിനെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു. വാമനപുരം പൂവത്തൂര്‍ ഗ്രീഷ്മ ഭവനില്‍ റിജേഷിനെയാണ് (23) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി 9:30 ഓടെയാണ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ വെഞ്ഞാറമൂടിന് സമീപം കീഴായിക്കോണത്ത് വച്ച് അജ്ഞാതനായ ഒരാള്‍ പിന്തുടര്ന്ന് എത്തുകയും കടന്ന് പിടിക്കുകയും ചെയ്തത്. അക്രമിയില്‍ നിന്നും കുതറി മാറിയ യുവതി പോലീസ് ഹെല്പ് ലൈന്‍ നമ്പറില്‍ വിവരം അറിയിച്ചു. വിഷമിക്കേണ്ടതില്ല ഉടന്‍ തന്നെ പോലീസ് അവിടെ എത്തുമെന്നും കണ്ട്രോള് റൂമില്‍ നിന്ന് മറുപടി നല്കി.
അതേസമയം യുവതി അവിടെ നിന്നും വീണ്ടും യാത്ര തുടര്‍ന്നു. നിമിഷങ്ങള്‍ക്കകം വെഞ്ഞാറമൂട് പോലീസ് പ്രതി ആദ്യം യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ച സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ യുവതി വീണ്ടും യാത്ര ആരംഭിച്ചതോടെ പോലീസിനും ഇവര്‍ നില്ക്കുന്ന സ്ഥലം കൃത്യതയില്ലാതെ വന്നു.
എന്നാല്‍ ഇതിനിടെ വീണ്ടും യുവാവ് പിന്തുടര്ന്ന് നിരവധി തവണ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചു. ഈ സമയം പരാതിക്കാരിയെ പോലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരു കിലോമീറ്റര്‍ മാറി കാരേറ്റ് ആറാംതാനത്ത് എന്ന സ്ഥലത്തെത്തിയെന്നും പിന്തുടര്ന്ന് എത്തിയ ആളില്‍ നിന്നും വീണ്ടും അക്രമം ഉണ്ടായെന്നും പറഞ്ഞു. ഉടന്‍ പോലീസ് അവിടേക്ക് തിരിച്ചു.
അതേസമയംമറ്റു വാഹനങ്ങള്‍ അതുവഴി വരുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രതി തൊട്ടടുത്ത ഇടവഴിയിലൂടെ കടന്ന് കളഞ്ഞു. വിവരമറിഞ്ഞു യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും എത്തുന്നത് വരെ വഴിയില്‍ വെഞ്ഞാറമൂട് പാങ്ങോട് പോലീസ് സ്റ്റേഷനുകളുടെ നൈറ്റ് പെട്രോളിംഗ് സംഘം സംരക്ഷണം ഒരുക്കിയിരുന്നു.
രാത്രി 11 മണിയോടെ ഭര്‍ത്താവും ഒന്നിച്ചു വെഞ്ഞാറമൂട് സ്റ്റേഷനില്‍ എത്തി യുവതി വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസ് നടത്തിയ അന്വേഷണത്തില്‍ 12 മണിക്കൂറിനുള്ളില്‍ വാമനപുരം സ്വദേശിയായ പ്രതി റിജേഷിനെ തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.