മംഗളൂരു: കര്‍ണാടകയിലെ യെദിയൂരപ്പ സര്‍ക്കാര്‍ മദ്യനയം ഉദാരമാക്കാന്‍ ആലോചിക്കുന്നു പാവപ്പെട്ടവര്‍ക്ക് ഗുണനിലവാരമുള്ള മുന്തിയ ബ്രാന്‍ഡ് മദ്യം വാങ്ങുന്നതിന് സബ്സിഡി അനുവദിക്കും.ബാറുകള്‍ അടയ്ക്കുന്ന സമയം രാത്രി 11ല്‍നിന്ന് പുലര്‍ച്ചെ രണ്ടുമണിയായി ദീര്‍ഘിപ്പിക്കാനും നീക്കമുണ്ട്. കര്‍ണാടക സര്‍ക്കാരിലെ എക്സൈസ് വകുപ്പ് മന്ത്രി എച്ച് നാഗേഷാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്.. നേരത്തെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനെ പിന്തുണച്ചിരുന്ന സ്വതന്ത്ര എം.എല്‍.എയായിരുന്ന നാഗേഷ് പിന്നീട് ബി.ജെപി പക്ഷത്തേക്ക് മാറുകയായിരുന്നു. അദ്ദേഹത്തിന് എക്സൈസ് വകുപ്പ് നല്‍കിയാണ് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.ഗുണനിലവാരമുള്ള മദ്യത്തിന് സബ്സിഡി നടപ്പാക്കുന്നതിനെക്കുറിച്ച് സര്‍ക്കാരും എക്സൈസ് വകുപ്പും ഗൗരവമായി ആലോചിക്കുന്നു. ഇത് നടപ്പിലായാല്‍ പാവപ്പെട്ടവന് വിലകുറഞ്ഞ മദ്യം കഴിക്കേണ്ട അവസ്ഥ ഇല്ലാതാകും. വില കുറഞ്ഞ മദ്യം കഴിക്കുന്നത് കടുത്ത അനാരോഗ്യത്തിന് ഇടയാക്കും നാഗേഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മെച്ചപ്പെട്ട ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി നല്ല നിലവാരമുള്ള മദ്യം സബ്സിഡി നിരക്കില്‍ നല്കാന് സര്‍ക്കാര്‍ ശ്രമിക്കുന്നു. മുന്തിയ ബ്രാന്‍ഡ് മദ്യം കുറഞ്ഞ വിലയ്ക്ക് വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.അതുപോലെ ബാറുകളുടെയും റസ്റ്റോറന്റുകളുടെയും ക്ലോസിങ് സമയം പുലര്‍ച്ചെ രണ്ട് മണി വരെ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും നാഗേഷ് പറഞ്ഞു. നിലവിൽ ക്ലോസിങ് സമയം പ്രവൃത്തി ദിവസങ്ങളില്‍ രാത്രി 11ഉം വാരാന്ത്യങ്ങളില്‍ പുലര്‍ച്ചെ 1ഉം ആണ്. ഇത് മാറ്റുന്നത് സംബന്ധിച്ച് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരുമായും ആഭ്യന്തര വകുപ്പുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. ക്ലോസിങ് സമയം പുലര്‍ച്ചെ രണ്ടുമണിയാക്കാന് ഈ ചര്‍ച്ചയില്‍ ധാരണയായി. അര്‍ദ്ധരാത്രിയില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.പുലര്‍ച്ചെ രണ്ട് മണി വരെ ബാറുകളും റെസ്റ്റോറന്റുകളും തുറന്നിരുന്നാല്‍ സര്‍ക്കാരിന് കൂടുതല്‍ വരുമാനം ലഭിക്കുമെന്ന് വകുപ്പ് വിശ്വസിക്കുന്നു. 2019 ജനുവരി മുതല്‍ 2020 മാര്‍ച്ച് 31 വരെ 20,950 കോടി രൂപ വരുമാനമാണ് മദ്യവില്പനയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും നാഗേഷ് പറഞ്ഞു