ന്യൂദല്‍ഹി: ദല്‍ഹി ജെ.എന്‍.യുവില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വലതുപക്ഷ സംഘടനയായ ഹിന്ദു രക്ഷാ ദള്‍. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിത്.
ജെ.എന്‍,യുവില്‍ ‘ദേശ വിരുദ്ധ, ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍’ നടക്കുന്നുണ്ടെന്നും അത് തടയാനാണ് ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകര്‍ ഞായറാഴ്ച രാത്രി ജെ.എന്‍.യു കാമ്പസിലേക്ക് അതിക്രമിച്ചു കയറിയെതെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സംഘടനാ നേതാവ് ഭൂപേന്ദ്ര തോമര്‍ പറഞ്ഞു.
‘ജെ.എന്‍.യു കമ്മ്യൂണിസ്റ്റുകളുടെ കേന്ദ്രമാണ്. അത്തരം കേന്ദ്രങ്ങള്‍ ഞങ്ങള്‍ക്ക് സഹിക്കാന്‍ കഴിയില്ല. അവര്‍ നമ്മുടെ മതത്തേയും രാജ്യത്തേയും ചൂഷണം ചെയ്യുന്നു. രാജ്യത്തോടുള്ള അവരുടെ മനോഭാവം ദേശവിരുദ്ധമാണ്. ദേശ വിരുദ്ധ പ്രവത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഭാവിയിലും ഞങ്ങള്‍ സര്‍വ്വകലാശാലയില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യും.’ ഭൂപേന്ദ്ര തോമര്‍ വ്യക്തമാക്കി.
ജെ.എന്‍.യുവില്‍ സംഭവത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തങ്ങളും ഞങ്ങള്‍ ഏറ്റെടുക്കുന്നുവെന്നും അവര്‍ പറഞ്ഞു.
ജനുവരി അഞ്ചിന് രാത്രിയായിരുന്നു ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം ഉണ്ടായത്. മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്.
ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന് പ്രസിഡന്റ് അയ്ഷേ ഗോഷും ജനറല്‍ സെക്രട്ടറി സതീഷുമടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റു.
ചുറ്റികയും മറ്റു മാരകായുധങ്ങളുമായാണ് മുഖം മൂടിയണിഞ്ഞ സംഘമാണ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മര്‍ദ്ദിക്കുന്നത്.