ടെഹ്റാൻ: ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ തലയെടുക്കുന്നവർക്ക് 575 കോടി രൂപ സമ്മാനം നൽകുമെന്ന് ഇറാൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സുലൈമാനിയുടെ ശവസംസ്കാര ചടങ്ങിനിന്റെ ദൃശ്യങ്ങൾ ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്നതിനിടെ പശ്ചാത്തല വിവരണം നടത്തിയ ഉദ്യോഗസ്ഥനാണ് പാരിതോഷികം വാഗ്ദാനം ചെയ്തത്. ‘80 ദശലക്ഷം ജനമാണ് ഇറാനിൽ ഉള്ളത്. ഒരോ ഇറാനിയും ഓരോ ഡോളർ വീതം നൽകുകയാണെങ്കിൽ അത് 80 ദശലക്ഷം ഡോളറാകും. നമ്മുടെ വിപ്ലവനേതാവിനെ കൊലപ്പെടുത്താൻ ഉത്തരവിട്ട, മഞ്ഞമുടിയുള്ള ഭ്രാന്തന്റെ തല കൊണ്ടുവരുന്ന ആർക്കും ഇറാനു വേണ്ടി നമുക്ക് 80 ദശലക്ഷം ഡോളർ നൽകാം’ – ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രഖ്യാപനത്തിന് പിന്നാലെ അധികൃതരുടെ ഇടപെടലിനെ തുടർന്ന് തുടർ സംപ്രേക്ഷണം നിറുത്തിവച്ചു. പ്രഖ്യാപനം ഇറാൻ ഭരണകൂടത്തിന്റെ അനുമതിയോടു കൂടിയല്ലെന്നു പിന്നാലെ വ്യക്തമാക്കുകയും ചെയ്തു.