തിരുവനന്തപുരത്ത് ട്രെയിന്‍ തടഞ്ഞു, ഇനിയും ശക്തമായി പ്രതിഷേധിക്കുമെന്ന് ഷാഫി പറമ്പിൽ
നാഷണൽ ഹെറാൾഡ് കേസിൽ ഇ.ഡി സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരെ ശക്തമായ രീതിയിൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞു. റെയില്‍വേ സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് പ്രതിഷേധിച്ചു. പോലീസ് എത്തി പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും അവര്‍ പിന്തിരിഞ്ഞില്ല.
ബി.ജെ.പി.യുടെ നേതാക്കളുമായി ബന്ധപ്പെട്ട കേസുകളാണെങ്കില്‍ ഇ.ഡിക്ക് ചോദ്യംചെയ്യലും അറസ്റ്റും ഒന്നും തന്നെയില്ല. ഇ.ഡി മനപൂർവ്വം തെളിവുകൾ പോലും കണക്കിലെടുക്കാതെ കോൺഗ്രസ് നേതാക്കളെ വേട്ടയാടുകയാണ്. ദേശീയ യൂത്ത് കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്യുന്നതനുസരിച്ച് സംസ്ഥാനത്തും വ്യാപകമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഷാഫി പറഞ്ഞു.