ഒറ്റവര്‍ഷം പിടിച്ചത് 40,000 കോടിയുടെ ഹെറോയിന്‍, സംസ്ഥാനങ്ങളുടെ ബജറ്റിനെക്കാള്‍ വലുത്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞവര്‍ഷം മാത്രം 40,000 കോടി രൂപയുടെ ഹെറോയിന്‍ മയക്കുമരുന്ന് പിടികൂടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യസഭയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 2021-ല്‍ രാജ്യത്തെ വിവിധയിടങ്ങളില്‍നിന്നായി ആകെ 5651.68 കിലോഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തതെന്നും 2020-നെ അപേക്ഷിച്ച് ഏകദേശം 72 ശതമാനം വര്‍ധനവാണുള്ളതെന്നും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെ ഹെറോയിന്‍ വേട്ടയാണ് പോയവര്‍ഷത്തെ ഏറ്റവും വലിയ കേസ്. ഏകദേശം മൂവായിരം കിലോ ഹെറോയിനാണ് മുന്ദ്ര തുറമുഖത്തുനിന്ന് മാത്രം പിടിച്ചെടുത്തത്. ഇത് ഉള്‍പ്പെടെ വിവിധ ഏജന്‍സികളെല്ലാം ചേര്‍ന്ന് ആകെ 40,000 കോടി രൂപയുടെ ഹെറോയിനാണ് പോയവര്‍ഷം പിടികൂടിയത്. ഈ തുക രാജ്യത്തെ ചില സംസ്ഥാനങ്ങളുടെ വാര്‍ഷിക ബജറ്റിനെക്കാള്‍ വലുതാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2021-ല്‍ ഗുജറാത്തില്‍നിന്നാണ് ഏറ്റവും കൂടുതല്‍ ഹെറോയിന്‍ പിടിച്ചെടുത്തിട്ടുള്ളത്- ആകെ 3555 കിലോ. തൊട്ടുപിന്നാലെ പഞ്ചാബും(819 കിലോ) മേഘാലയ(501 കിലോ)യുമാണ് പട്ടികയില്‍. 2020-ല്‍ രാജ്യത്തുനിന്ന് ആകെ പിടികൂടിയത് 3265 കിലോ ഹെറോയിനായിരുന്നു.
2021-ല്‍ മുന്ദ്ര തുറമുഖത്ത് എത്തിയ രണ്ട് കണ്ടെയ്നറുകളില്നിന്നാണ് മൂവായിരം കിലോയോളം വരുന്ന ഹെറോയിന്‍ ഡി.ആര്.ഐ. സംഘം പിടികൂടിയത്. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് പിന്നീട് എന്‍.ഐ.എ. ഏറ്റെടുത്തു. കഴിഞ്ഞ ജൂണില്‍ മറ്റൊരു കണ്ടെയ്നര്‍ കൂടി ഹെറോയിനുമായി മുന്ദ്ര തുറമുഖത്ത് എത്തിയതായി എന്‍.ഐ.എ. നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അതേസമയം, രാജ്യത്തെ മയക്കുമരുന്ന് കടത്തും വില്‍പ്പനയും തടയുന്നതിനായി സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2016-ല്‍ വിവിധ മന്ത്രാലയങ്ങളെയും വകുപ്പുകളെയും കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികളെയും ഏകോപിപ്പിച്ച് ‘നാര്‍കോ കോര്‍ഡിനേഷന്‍ സെന്റര്‍(NCORD)’ രൂപവത്കരിച്ചു. 2019-ല്‍ ഇതിനെ നാല് തട്ടുകളായി പുനഃക്രമീകരിച്ചെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഇതിനുപുറമേ, മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് മ്യാന്മര്, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന് തുടങ്ങിയ രാജ്യങ്ങളുമായി ഡയറക്ടര്‍ ജനറല്‍ തലത്തില്‍ ചര്‍ച്ചകള്‍ നടത്തി. മയക്കുമരുന്ന് കടത്ത് തടയുവാനായി വിവിധ രാജ്യങ്ങളുമായി വിവിധ കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും രാജ്യത്തെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ നിരവധി അന്താരാഷ്ട്ര ഏജന്‍സികളുമായി സഹകരിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.