മനുഷ്യാവകാശ കമ്മീഷന് അദാലത്തില്‍; 28 കേസുകള്‍ പരിഗണിച്ചു.
4 കേസുകള്‍ തീര്‍പ്പാക്കി
കാസര്‍കോട് :സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം ബൈജുനാഥ് കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ അദാലത്തില്‍ 28 കേസുകള്‍ പരിഗണിച്ചു. 4 കേസുകള്‍ തീര്‍പ്പാക്കി. ബാക്കിയുള്ളവ തുടര്‍ നടപടികള്‍ക്കായും കൂടുതല്‍ അന്വേഷണത്തിനായും മാറ്റിവെച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി 4 പരാതികള്‍ മനുഷ്യാവകാശ കമ്മീഷന് ലഭിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതമനുഭവിക്കുന്ന കുട്ടികള്‍ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ അര്ഹരാണങ്കില് അത് ലഭ്യമാക്കണമെന്ന് കമ്മീഷന് ജുഡീഷ്യല്‍ അംഗം ബൈജുനാഥ് പറഞ്ഞു. അതിനായി മെഡിക്കല്‍ ക്യാമ്പില്‍ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട പരാതികളായിരുന്നു കൂടുതല്‍. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് ജില്ലയില്‍ കെട്ടി നല്കിയ വീടുകള്‍ ഇനിയും കൈമാറാത്തതിനാല്‍ കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ചെറുവത്തൂര്‍ മയിച്ചയിലെ വയല്‍ക്കര അമ്പലത്തിനടുത്ത് അടിപാതയില്‍ വെള്ളം കെട്ടി കിടന്ന് ജനങ്ങള്‍ക്ക് ദുരിതം ഉണ്ടാക്കുന്നതായി കമ്മീഷന് ലഭിച്ച പരാതിയില്‍ റെയില്‍വേക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സ്വത്ത് തര്‍ക്കങ്ങള്‍, ബാങ്ക് സംബന്ധിച്ച പരാതികള്‍, പട്ടയ ഭൂമി സംബന്ധിച്ച പരാതികള്‍, വ്യക്തി പ്രശ്നങ്ങള്‍ തുടങ്ങിയവയും കമ്മീഷന് ലഭിച്ചു. ചെറുവത്തൂരിലെ ഹോട്ടലില്‍ നിന്നും ഷവര്‍മ്മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് നേരിട്ടെടുത്ത പരാതിയില്‍ നടപടിയെടുത്തിട്ടുണ്ടെന്ന റിപ്പോര്‍ട്ട് കമ്മീഷന് ലഭിച്ചു. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെയിരിക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.