കാസർകോട്:അറ്റകുറ്റപ്പണികൾക്കായി ചന്ദ്രഗിരിപാലം അടച്ചിട്ടപ്പോൾ ശരിക്കും വലഞ്ഞു നട്ടംതിരിഞ്ഞത് ശബരിമല തീർത്ഥാടകരായ ആയിരക്കണക്കിന് അയ്യപ്പഭക്തന്മാർ.പാലം അടച്ചിടുന്നതിനെ കുറിച്ച് മുന്നറിയിപ്പുകളൊന്നും അറിയാത്ത ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരാണ് അപ്രതീക്ഷിതമായ ഗതാഗത കുരുക്കിൽ അമർന്ന് ദുരിതപാത താണ്ടുന്നത്.രണ്ടു മാസം മുന്നേ പാലം അടച്ചിടുന്നതിനെക്കുറിച്ചു ആലോചനകൾ തുടങ്ങിയിരുന്നെങ്കിലും രണ്ടു തവണ മാറ്റിവെക്കപ്പെട്ടതിന് ശേഷമാണ് ജനവരി രണ്ടിന് പാലം അടച്ചിട്ട പണികൾ തുടങ്ങിയത്.എന്നാൽ ജനവരായ 16 വരെ മകരവിളക്ക് സീസൺ തുടരുമെന്ന കാര്യം ബന്ധപ്പെട്ട അധികൃതർ മനപ്പൂർവ്വമല്ലെങ്കിലും മറന്നുപോവുകയായിരുന്നു.വിവിധ അയ്യപ്പ കൂട്ടായ്മകളും സമുദായ സംഘടനകളും ഇക്കാര്യം അധികൃതരെ ഓര്മപ്പെടുത്താനും മറന്നു. ഇപ്പോൾ പാലം അടച്ചിട്ടപ്പോഴാണ് അയ്യപ്പന്മാരുടെ ദുരിതതീവ്രതയിൽ ഇവർക്കും പൊള്ളലേറ്റത്.
മകര സീസൺ തുടങ്ങിയതോടെ മലയിലേക്ക് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് തീർത്ഥാടകരുടെ പ്രവാഹമാണ് ദേശീയപാതയിൽ കാണുന്നത്.ചന്ദ്രഗിരിറൂട്ട് നിലവിൽ വന്നശേഷം ശബരിമലയിലേക്കുള്ള പ്രധാന റൂട്ടായിഇത് മാറിയിരുന്നു .ഈ റൂട്ടിലെ കീഴൂർ ധർമശാസ്താ ക്ഷേത്രവും ബേക്കൽ കോട്ടയും തുടങ്ങി ജില്ലയിലെ നിരവധി ആരാധനാകേന്ദ്രങ്ങൾ സ്പർശിചാണ് ഭക്തർ മലയിലെത്തിയിരുന്നത്.