കുടുംബത്തോടെ ഹോട്ടലിലേക്ക്, കാര്‍ നിര്‍ത്തി തീയിട്ടു; വ്യാപാരി മരിച്ചു, ഭാര്യയും മകനും ചികിത്സയില്‍
നാഗ്പുര്‍: ഭാര്യയെയും മകനെയും കൂട്ടി കാറിനുള്ളില്‍ വെച്ച് തീകൊളുത്തിയ വ്യാപാരി മരിച്ചു. ഭാര്യയും മകനും രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ നാഗ്പുര്‍ സ്വദേശിയായ രാംരാജ് ഭട്ട്(58) ആണ് വെന്തുമരിച്ചത്. രാംരാജിന്റെ ഭാര്യ സംഗീത ഭട്ട്(57) മകന് നന്ദന്(25) എന്നിവര്‍ ആശുപത്രിയിലാണ്. മാരകമായി പൊള്ളലേറ്റ ഇരുവരുടെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഹോട്ടലില്‍നിന്ന് ഉച്ചഭക്ഷണം കഴിക്കാമെന്ന് പറഞ്ഞാണ് രാംരാജ് ഭട്ട് ഭാര്യയെയും മകനെയും കൂട്ടി വീട്ടില്‍നിന്നിറങ്ങിയത്. കാറോടിച്ചിരുന്ന രാംരാജ് അല്പദൂരം പിന്നിട്ടതിന് ശേഷം വാഹനം നിര്‍ത്തി. പിന്നാലെ നേരത്തെ വാഹനത്തിനുള്ളില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. കാറിലുണ്ടായിരുന്ന ഭാര്യയ്ക്കും മകനും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നതിന് മുമ്പുതന്നെ രാംരാജ് തീകൊളുത്തിയെന്നാണ് പോലീസ് പറയുന്നത്. കാറിനുള്ളില്‍ തീപിടിച്ചതോടെ ഏറെ പണിപ്പെട്ടാണ് ഭാര്യയും മകനും ഡോറുകള്‍ തുറന്ന് പുറത്തിറങ്ങിയത്. ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു.
സാമ്പത്തിക ബാധ്യതകളാണ് രാംരാജിന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു. കാറിനുള്ളില്‍നിന്ന് ലഭിച്ച പ്ലാസ്റ്റിക്ക് ബാഗില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പോലീസ് അറിയിച്ചു. സാമ്പത്തിക ബാധ്യതകള്‍ കാരണം കുടുംബത്തോടെ ജീവനൊടുക്കുകയാണെന്നാണ് കുറിപ്പിലുണ്ടായിരുന്നത്.