തിരുവനന്തപുരം: ഞായറാഴ്ച ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ നടന്ന ആൾക്കൂട്ട ആക്രമണത്തെ അപലപിച്ച് നടി മഞ്ജൂ വാര്യര്‍. അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്നേഹം ചോദ്യം ചെയ്യാനാകില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവർ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്. പുറത്തുനിന്നുള്ളവർ കൂടി ചേർന്നു ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നുവെന്ന് പറയുമ്പോൾ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ലെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. ജെ.എൻ.യുവിൽനിന്നുള്ള മുഖങ്ങൾ രാവിലെ ടിവിയിൽ കണ്ടപ്പോൾ ഞെട്ടിപ്പോയി. ചോര ഒലിച്ചുകൊണ്ടുള്ള കുറെ മുഖങ്ങൾ. രാത്രി അവരെ മൂന്നു മണിക്കൂറോളം പലരും ചേർന്ന് അക്രമിച്ചിരിക്കുന്നു. ജെഎൻയു എന്നതു ഈ രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു. അവിടെ പഠിക്കുക എന്നതു അറിവിന്റെ മാനദണ്ഡമായിരുന്നു. അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും. അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്നേഹം ചോദ്യം ചെയ്യാനാകില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവർ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്. പുറത്തുനിന്നുള്ളവർ കൂടി ചേർന്നു ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നുവെന്നു പറയുമ്പോൾ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല. കുട്ടികളെ അവിടെ പഠിപ്പിക്കാൻ വിട്ട അമ്മമാരിൽ ഭൂരിഭാഗവും സാധാരണക്കാരാകും. ടിവിയിൽ ചോരയിൽ കുതിർന്ന പലരുടെയും മുഖങ്ങൾ കാണുമ്പോൾ ആ അമ്മമാരുടെ മനസ്സിന്റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നിൽക്കാതിരിക്കാനാകില്ല. ഞാനും കൂടെ നിൽക്കുന്നു.മഞ്ജു വാര്യർ പറഞ്ഞു.
ജെഎന്‍യു ക്യാമ്പസില്‍ ഞായറാഴ്ചയുണ്ടായ ആക്രമണങ്ങളെ നടന് നിവിന്‍പോളിയും അപലപിച്ചു. കഴിഞ്ഞ രാത്രിയില്‍ ജെഎന്‍യുവിലുണ്ടായത് ഭീകരവും പേടിപ്പെടുത്തുന്നതുമായ സംഭവമാണ്. ക്രൂരത അതിന്റെ പാരമ്യത്തിലെത്തിയതാണ് ഇത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുണ്ടായ ആക്രമണത്തിന് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടണമെന്നും നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചു. വിദ്വേഷത്തിനും ആക്രമണങ്ങള്‍ക്കുമെതിരെ നിലകൊള്ളേണ്ട സമയമാണ് ഇതെന്നും നിവിന്‍ വ്യക്തമാക്കി