ബില്‍ അടക്കാതെ സാധനങ്ങളുമായി കടന്നുകളഞ്ഞ യുവാവ് വീണ്ടുമെത്തിയത് മോഷണം ആവർത്തിക്കാൻ; കയ്യോടെ പിടികൂടിയപ്പോൾ പുറത്തുവന്നത് പട്ടിണിയുടെ കഥ. പിന്നീട് സംഭവിച്ചത് ഇങ്ങനെ…
കാസര്‍കോട്: ബില്‍ അടയ്ക്കാതെ വില കൂടിയ സാധനങ്ങളുമായി ഒരുതവണ മുങ്ങിയ ആള് വീണ്ടുമെത്തിയതോടെ കയ്യോടെ പിടികൂടി. നേരത്തെ ബിൽ അടക്കാതെ മുങ്ങിയ ഇയാളുടെ മുഖം മറച്ച ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും രഹസ്യമായി വന്ന് ബിൽ അടച്ചാല്‍ ഒറിജിനല്‍ ഫോട്ടോ പുറത്തിറക്കില്ലെന്നും പൊലീസില്‍ പരാതി നല്‍കില്ലെന്നും കാസർകോട്ടെ മാർജിൻ ഫ്രീ കട ഉടമ പറഞ്ഞിരുന്നു.
എന്നിട്ടും ആളെ കിട്ടാതെ വന്നതോടെ പരാതിയൊന്നും നൽകാതെ സംഭവം ഒഴിവാക്കിയിരുന്നു. അതിനിടയിലാണ് ഇതൊന്നുമറിയാതെ അയാള്‍ വീണ്ടും സൂപര്‍ മാര്‍കറ്റിൽ സാധനങ്ങള്ക്കായെത്തിയത്. ആദ്യ തവണ വന്നതുപോലെ കോട്ട് ധരിച്ച് അതേവസ്ത്രത്തിൽ തന്നെയായിരുന്നു ഇയാൾ വീണ്ടും കടയിലെത്തിയത്. ആളെ തിരിച്ചറിഞ്ഞതോടെ കയ്യോടെ പിടികൂടുകയായിരുന്നു. വിവരമറിഞ്ഞ് ആളുകള്‍ സ്ഥലത്ത് കൂടി.
ആദ്യ തവണ ഇയാൾ കടന്നുകളഞ്ഞപ്പോൾ സൂപർ മാർകറ്റ് ഉടമ പുറത്തിറക്കിയ, കബളിപ്പിച്ച് കടന്നയാളുടെ മുഖം മറച്ച് കൊണ്ടുള്ള പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ജൂൺ 25നായിരുന്നു ഇയാൾ കടയിലെത്തിയത്. ജൂലൈ അഞ്ചിനുള്ളിൽ കടയിൽ വന്ന് രഹസ്യമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്യുമെന്ന് അതിൽ കുറിച്ചിരുന്നു. ഇയാളുടെ കയ്യില്‍ സ്മാര്‍ട് ഫോണുണ്ടായിരുന്നില്ല. സാധാരണ ഫോണായിരുന്നു ഉപയോഗിച്ചു വന്നിരുന്നത്. അതിനാൽ സാമൂഹ്യ മാധ്യമങ്ങളിൽ സൂപര്‍മാര്‍കറ്റ് ഉടമ ഇറക്കിയ പോസ്റ്ററിന്റെ പുകിലൊന്നും ഇയാള്‍ അറിഞ്ഞിരുന്നില്ല. കോവിഡ് പ്രതിസന്ധി മൂലം നേരത്തെ ചെയ്തിരുന്ന ജോലി നഷ്ടപ്പെടുകയും പുതിയ ജോലി ലഭിക്കാതെ വരികയും കുടുംബം പട്ടിണിയിലാവുകയും ചെയ്തതോടെയാണ് സാധനങ്ങൾ എടുത്തതെന്നാണ് ഇയാൾ പറഞ്ഞതോടെ കടയുടമയുടെ മനസ്സലിഞ്ഞു. സംഭവത്തിനെ നിത്യസ്ഥിതി ബോധ്യപ്പെട്ട കട ഉടമ ബന്ധുക്കൾ എത്തി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസിനെ ഏല്പിക്കാതെ ഇത്തരം പ്രവർത്തികൾ ഏർപ്പെടരുതന്നും ആവര്‍ത്തിക്കരുതെന്ന് ഉപദേശിച്ചു വിട്ടയച്ചു. നേരത്തെ കാസർകോഡ് മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ് ചില തൊഴിലാളികൾ ലക്ഷങ്ങളുടെ സാധനങ്ങൾ കടത്തി വിറ്റത് വലിയ വാർത്തയായിരുന്നു, മൂന്നോളം വലിയ മോഷണങ്ങൾക്കും കട ഇരയാവുകയും ചെയ്തിരുന്നു.