പതറുന്ന മനസ്സിന് ഒരു കൈത്താങ്ങ് –
ആത്മഹത്യക്കെതിരെ പ്രതിരോധ ക്ലിനിക്കുമായി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്
നീലേശ്വരം : ലോകത്ത് ഒരോ 40 സെക്കന്‍ഡിലും ഒരാള്‍ വീതം ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഒരു വര്‍ഷം 8 ലക്ഷം പേര് സ്വയം ജീവന് അവസാനിപ്പിക്കുന്നു. ലോകത്തെ ആകെ ആത്മഹത്യകളില്‍ 20 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത്. ഇത് ഒരു ഞെട്ടിക്കുന്ന കണക്കാണ്. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് നിരവധി സംഘടനകള്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. സാധാരണ ജനങ്ങളിലേക്ക് ആത്മഹത്യയ്ക്ക് എതിരെയുള്ള സന്ദേശം എത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ സാധിക്കും. ഈ ചിന്തയില്‍ നിന്നാണ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആത്മഹത്യ പ്രതിരോധ ക്ലിനിക്ക് എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. ബ്ലോക്കിനു കീഴിലുള്ള ഗ്രാമ പഞ്ചായത്തുകളില്‍ ആത്മഹത്യ പ്രവണതയുള്ളവര്‍ക്ക് കൗണ്‍സിലിംഗ് സൗകര്യം, ആത്മഹത്യയ്ക്കെതിരായ സന്ദേശ പ്രചരണം എന്നിവയാണ് ക്ലിനിക്കിന്റെ ലക്ഷ്യം.
യുവതീയുവാക്കള്‍ക്കിടയിലും കൗമാരപ്രായക്കാര്‍ക്കിടയിലും ആത്മഹത്യ പ്രവണത വര്‍ധിച്ചു വരുന്നു. നിസാര പ്രശ്നങ്ങള്‍ക്കു പോലും ജീവിതം അവസാനിപ്പിക്കുന്ന സ്ഥിതിയാണ് കണ്ടു വരുന്നത്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പഞ്ചായത്തുകളില്‍ നടത്തിയ പഠനങ്ങളില്‍ നിന്നും സമാനമായ വിവരങ്ങളാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 2022 – 23 വാര്‍ഷിക പദ്ധതിയില്‍ ഒരു ആത്മഹത്യ പ്രതിരോധ ക്ലിനിക്ക് എന്ന ആശയത്തിന് രൂപം നല്‍കുന്നത്. ഇത്തവണത്തെ പദ്ധതിയില്‍ പ്രഥമ പരിഗണന നല്കി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന പദ്ധതി കൂടിയാണ് ആത്മഹത്യ പ്രതിരോധ ക്ലിനിക്ക്.
ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ ചെറുവത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ആത്മഹത്യ പ്രതിരോധ ക്ലിനിക്ക് ആരംഭിക്കുന്നത്. ആത്മഹത്യ പ്രവണത തോന്നുന്നവര്‍ക്ക് നേരിട്ടോ ക്ലിനിക്കിന്റെ ഫോണ്‍ നമ്പറിലോ ബന്ധപ്പെട്ട് കൗണ്‍സിലറുടെ സഹായം തേടാം. ബ്ലോക്ക് പഞ്ചായത്തിന് അകത്തും പുറത്തും ക്ലിനിക്കിന് വ്യാപകമായ പ്രചാരം നല്‍കും. ആഗസ്തില്‍ ക്ലിനിക് പ്രവര്‍ത്തനമാരംഭിക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞു. ക്ലിനിക്കിലേക്കുള്ള കൗണ്‍സിലറെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും.
ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസറിനായിരിക്കും പദ്ധതിയുടെ നിര്‍വ്വഹണ ചുമതല . നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിനും പുറത്തുള്ളവര്‍ക്കും ക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുത്താം. ചെറുവത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഓഫീസില്‍ നിന്നും ക്ലിനിക്കിന്റെ ഫോണ്‍ നമ്പര്‍ മുഖേനയും സഹായം തേടാം.
ഒരു കൗണ്‍സിലിംഗ് ലഭിച്ചാല്‍ പലപ്പോഴും പലരെയും മരണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് സാധിക്കുമായിരുന്നു എന്ന തിരിച്ചറിവും ഈ ഉദ്യമത്തിനു പിന്നിലുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ പറഞ്ഞു. ഒരു നിമിഷത്തെ എടുത്തു ചാട്ടം കൊണ്ട് ജീവിതം നഷ്ടമാക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനത്തിലുടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.