തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് കരിങ്കൊടി; പറഞ്ഞാല്‍ ചെയ്തിരിക്കുമെന്ന് ഷാഫി പറമ്പില്‍
തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം.
ഇഎംഎസ് അക്കാദമിയിലെ പരിപാടിക്കായി മുഖ്യമന്ത്രി പോകുന്ന വഴിക്ക് കാത്തുനിന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
മുഖ്യമന്ത്രി പോകുന്ന വഴിക്ക് നിരവധി പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു. പ്രതിഷേധിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിരുന്നു. സംഭവം ആസൂത്രണം ചെയ്ത മുന്‍ എംഎല്‍എ ശബരീനാഥനേയും പോലീസ് അറസ്റ്റ് ചെയ്തു, പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയെ ഇന്ന് കരിങ്കൊടി കാണിക്കുമെന്ന് ഇന്നലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു.
പ്രതിഷേധിക്കുമെന്ന് പറഞ്ഞാല്‍ ഈച്ച കയറാ കോട്ട കെട്ടിയാലും, സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയ്ക്ക് നേര്‍ക്ക് പ്രതിഷേധിച്ചിരിക്കുമെന്ന് ഷാഫി പറമ്പില്‍ ഇന്നത്തെ പ്രതിഷേധത്തിന് ശേഷം ഫെയ്സ്ബുക്കില്‍ കുറിച്ചു.