എംഡിഎംഎയുമായി കലൂരില്‍ യുവാവ്, മയക്കുമരുന്ന് ആവശ്യക്കാരെന്ന വ്യാജേന പൊലീസെത്തി, പിടിയില്‍
കൊച്ചി: കൊച്ചി നഗരത്തില്‍ പുലര്‍ച്ചെ പൊലീസിന്റെ മയക്കുമരുന്ന് വേട്ട. വില്‍പ്പനയ്ക്ക് വേണ്ടി എംഡിഎംഎയുമായി കലൂരിലെത്തിയ യുവാവിനെ പൊലീസ് പിന്തുടര്ന്ന് പിടികൂടി. ഇടപ്പള്ളി കുന്നംപുറം സ്വദേശി ഹാറൂൺ സുൽത്താനെയാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡും പാലാരിവട്ടം പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളില്‍ നിന്ന് 100 ഗ്രാമിനടുത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയും പിടിച്ചെടുത്തു. സ്കൂട്ടറിൽ ഒളിപ്പിച്ചാണ് ഹാറുണ്‍ സുല്‍ത്താൻ എംഡിഎംഎ കൊണ്ടുവന്നിരുന്നത്. കൂടുതൽ അളവിൽ എംഡിഎംഎ ഒന്നിച്ച് വാങ്ങി ശേഖരിച്ച് കൊച്ചിയിലെ ആവശ്യക്കാർക്ക് ചില്ലറയായി വിൽക്കുന്ന ഹാറുൺ സുല്‍ത്താൻ കൊച്ചി നഗരത്തിലെ പ്രധാന ലഹരി വിതരണക്കാരിൽ ഒരാളാണെന്ന് പൊലീസ് പറഞ്ഞു.
മയക്ക് മരുന്ന് സൂക്ഷിച്ച് കൊണ്ടുവന്ന സ്കൂട്ടറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍ ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് ഹാറൂണിനെ തേടി കലൂര്‍ സ്റ്റേഡിയം പരിസരത്തെത്തിയത്. ആ സമയം ചുവന്ന സ്കൂട്ടറില്‍ ഇടപാടുകാരെ തേടി ഹാറൂണ്‍ സുല്‍ത്താൻ കലൂര്‍ സ്റ്റേഡിയം പരിസരത്ത് കറങ്ങുന്നുണ്ടായിരുന്നു. പൊലീസ് മയക്കുമരുന്ന് ആവശ്യക്കാരെന്ന വ്യാജേന ഹാറൂണിനെ സമീപിച്ചതോടെ സംശയം തോന്നിയതോടെ ഹാറൂൺ ഓടി രക്ഷപെടാൻ ശ്രമിച്ചു. പൊലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. മയക്ക് മരുന്ന് വില്‍ക്കാറുണ്ടെങ്കിലും ഉപയോഗിക്കാറില്ലെന്നാണ് ഹാറൂണ്‍ സുല്‍ത്താൻ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. കസ്റ്റഡിയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതോടെ മയക്കുമരുന്ന് മാഫിയയുടെ കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.