കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജനുവരി 28ന് വിചാരണ തുടങ്ങും. കേസില്‍ നടന് ദിലീപ് അടക്കമുള്ള പന്ത്രണ്ട് പ്രതികള്‍ക്കെതിരേ കൊച്ചിയിലെ പ്രത്യേക കോടതി കുറ്റം ചുമത്തി. എല്ലാ പ്രതികളെയും കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. അതേസമയം, കോടതിയില്‍ ഹാജരായ ദിലീപ് അടക്കമുള്ള എല്ലാ പ്രതികളും കുറ്റം നിഷേധിച്ചു.
കേസില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനാല്‍ ജൂണ്‍ മാസത്തിനകം വിചാരണ നടപടികള്‍ കോടതി പൂര്‍ത്തിയാക്കിയേക്കും. ഇന്ന് കോടതിയില്‍ ഹാജരാകണമെന്ന് മുഴുവന്‍ പ്രതികള്‍ക്കും നേരത്തെ കോടതി നിര്‍ദേശം നല്‍കിയിരുന്നു. വിചാരണയുടെ കാര്യത്തില്‍ പ്രതികളുടെ അഭിപ്രായവും കോടതി ആരാഞ്ഞു. ഓരോ സാക്ഷികളെയും വിസ്തരിക്കേണ്ട സമയക്രമത്തില്‍ നാളെ തീരുമാനമാകും.
കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിനെതിരേ പോലീസ് ചുമത്തിയിട്ടുള്ളത്. പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദിലീപ് നല്കിയ വിടുതല്‍ഹര്‍ജി വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരേ ദിലീപ് ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.