ചെന്നൈ: പുതുവത്സര ആഘോഷങ്ങള്‍ക്കിടെ ബര്‍ത്ത്ഡേ കേക്കിനെച്ചൊല്ലി ബേക്കറിയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജന്മദിന കേക്ക് ഡെലിവറി ചെയ്യാന്‍ വൈകിയതിനെചൊല്ലി ബേക്കറി ജീവനക്കാരുമായി വാക്കു തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് ഡിസംബര്‍ 31 ന് പൂന്തോപ് കോളനി നിവാസികളായ കുമാറിനെയും പുഷ്പരാജനെയും (30) ഒരു സംഘം മര്‍ദ്ദിച്ചിരുന്നു.
കുമാറിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഇരുവരും കേക്ക് ഓര്‍ഡര്‍ ചെയ്തിരുന്നു. കേക്ക് ഡെലിവറി എടുക്കാന്‍ പോയപ്പോള്‍ ഒരു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു. തുടര്‍ന്ന് അവര്‍ ബേക്കറി സ്റ്റാഫുമായി തര്‍ക്കിക്കുകയും കേക്കിന്റെ രൂപകല്‍പ്പനയില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.തുടര്‍ന്ന് കുമാറും പുഷ്പരാജനും ഇരുചക്രവാഹനത്തില്‍ നാട്ടിലേക്ക് മടങ്ങുമ്ബോള്‍ 10 അംഗ സംഘം എറിയപില്ലൈക്കുപ്പത്തിന് സമീപം വച്ച് തടഞ്ഞു. അക്രമികള്‍ ആയുധങ്ങളുമായി അവരെ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ച് രക്തത്തില്‍ കുളിച്ച നിലയില്‍ ഉപേക്ഷിക്കുകയും ചെയ്തു. കുമാറിനെയും പുഷ്പരാജനെയും പൊന്നേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പുഷ്പരാജനെ ചികിത്സയ്ക്കായി സര്‍ക്കാര്‍ സ്റ്റാന്‍ലി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയോട് പ്രതികരിക്കാതെ ശനിയാഴ്ച അദ്ദേഹം മരിക്കുകയായിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്ത കട്ടൂര്‍ പോലീസ് ഭരത് (24), ഉമാ ഭാരത് (21), പ്രതാപ് (18), അജിത്ത് (23), സ്റ്റാലിന് (23) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതായും ഒളിവില്‍ പോയ പ്രതികള്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്നും പോലീസ് അറിയിച്ചു.